കിഴക്കമ്പലം : മലയിടംതുരുത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ട്വന്റി 20 നടത്തിയിരുന്ന സൗജന്യ ലഘുഭക്ഷണകേന്ദ്രം നിർത്തി. കൗണ്ടറിനു മുകളിലായി സ്ഥാപിച്ചിരുന്ന ട്വന്റി 20 യുടെ ബോർഡ് മാറ്റാൻ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗത്തിലെ തീരുമാനത്തെത്തുടർന്നാണിത്.

എട്ടു വർഷമായി ആശുപത്രിയിലെത്തുന്ന രോഗികൾക്ക് ട്വന്റി 20 സൗജന്യമായി ചായ, കാപ്പി, ബൺ എന്നിവ നൽകിയിരുന്നു. പി.വി. ശ്രീനിജിൻ എം.എൽ.എ. ആയ ശേഷം കഴിഞ്ഞ ദിവസം ആദ്യമായി ചേർന്ന ആരോഗ്യ കേന്ദ്രത്തിലെ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗം, കൗണ്ടറിനു മുകളിലായി സ്ഥാപിച്ചിരുന്ന ട്വന്റി 20 യുടെ ബോർഡ് മാറ്റാൻ തീരുമാനിച്ചിരുന്നു. ഇതേ തുടർന്നാണ് കൗണ്ടർ നിർത്തിയത്.

കൗണ്ടറിന് മുന്നിലുള്ള ട്വന്റി 20യുടെ ബോർഡ് മാറ്റണമെന്നാണ് കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ സി.പി.എം. പ്രതിനിധികൾ ആവശ്യപ്പെട്ടത്. തീരുമാനത്തെ തുടർന്ന് മറ്റൊരു നോട്ടീസ് പതിപ്പിച്ച് ട്വന്റി 20 യുടെ ബോർഡ് മറച്ചു.