മരട് : ടി.പി.ആർ. നിർണയ ശതമാനം കണക്കാക്കി ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിലെ അശാസ്ത്രീയത ചോദ്യം ചെയ്ത് സർക്കാരിനെതിരേ മരട് നഗരസഭ കോടതിയിലേക്ക്. നഗരസഭ പാസാക്കിയ പ്രമേയം മുഖ്യമന്ത്രിക്കും വിവിധ മന്ത്രിമാർക്കും വകുപ്പ് സെക്രട്ടറിമാർക്കും നൽകിയിട്ടും തീരുമാനമാകാത്തതിനെ തുടർന്നാണ് കോടതിയെ സമീപിക്കാൻ നഗരസഭ തീരുമാനിച്ചത്. പരിശോധനയ്‌ക്കെത്തുന്നവരെ മാത്രം മാനദണ്ഡമാക്കി ശരാശരി കണക്കെടുക്കുന്ന സംവിധാനം തിരുത്തണമെന്നും നഗരസഭയിലെ ജനസംഖ്യയും രോഗികളുടെ എണ്ണവും കണക്കാക്കി ടി.പി.ആർ. തീരുമാനിക്കണമെന്നുമാണ് ആവശ്യപ്പെടുന്നതെന്ന് നഗരസഭാധ്യക്ഷൻ ആന്റണി ആശാൻപറമ്പിൽ പറഞ്ഞു.