മരട് : ജോലി വാഗ്ദാനംനൽകി സ്മാർട്ട്ഫോൺ കവർന്നു. പഠനം വഴിമുട്ടിയ വിദ്യാർത്ഥിക്ക് നഗരസഭാ ചെയർമാൻ ഫോൺ നൽകി. ശുചീകരണ ജോലി വാഗ്ദാനം ചെയ്ത് പത്താം ക്ലാസ് വിദ്യാർത്ഥിയുടെ സ്മാർട്ട് ഫോണാണ് യുവാവ് തട്ടിയെടുത്തത്. മരട് മാർട്ടിൻപുരം പയനിയർ ജങ്ഷൻ വലിയപറമ്പിൽ ഷിബിയുടെ മകൻ അരൂർ സെയ്ന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി ഷാരോണിന്റെ ഫോണാണ്‌ കവർച്ച ചെയ്യപ്പെട്ടത്.

തോപ്പുംപടിയിലെ ബന്ധുവീട്ടിൽനിന്ന്‌ വീട്ടിലേക്ക്‌ മടങ്ങാൻ കണ്ണാടിക്കാട് ബസ് ഇറങ്ങിയ ഷാരോണിന് സ്കൂട്ടറിൽ എത്തിയ ആളാണ് ജോലി വാഗ്ദാനം ചെയ്തത്. പാലത്തിന് അപ്പുറം കുറച്ച്‌ ക്ലീനിങ് ജോലി ഉണ്ടെന്നും ജോലിക്കാരൻ വന്നില്ലെന്നും ഷോരോൺ വരികയാണെങ്കിൽ 1500 രൂപ നൽകാമെന്നും പറഞ്ഞു. വീട്ടിലെ ബുദ്ധിമുട്ടോർത്ത് സമ്മതം പറഞ്ഞെങ്കിലും അമ്മയുടെയും അച്ഛന്റെയും അനുവാദം മേടിക്കണമെന്ന്‌ പറഞ്ഞു. വീട്ടിലെത്തി അമ്മയിൽ നിന്ന് അനുവാദം വാങ്ങി ഷാരോണുമായി പുറപ്പെട്ടു. അരൂർ പാലം കഴിഞ്ഞിട്ടും വണ്ടി നിർത്താതായപ്പോൾ ജോലി എവിടെയാണെന്ന്‌ ഷാരോൺ ചോദിച്ചു. വണ്ടി നിർത്തി ഷാരോണിനെ വണ്ടിയിൽ നിന്നിറക്കി. കോൾ ചെയ്യാനെന്നു പറഞ്ഞ്‌ ഷാരോണിന്റെ ഫോൺ വാങ്ങി സ്കൂട്ടർ യാത്രികൻ കടന്നു. ഷാരോൺ പിറകെ ഓടിയെങ്കിലും കിട്ടിയില്ല. മറ്റൊരു ഫോണിൽ നിന്നും അമ്മയെ ഉടൻ വിളിച്ച് വിവരം പറഞ്ഞു. അരൂർ സ്റ്റേഷനിൽ എത്തി പരാതിയും നൽകി. മരടിലെയും കുമ്പളം ടോൾ പ്ലാസയിലേയും സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചാൽ കള്ളനെ പിടികുടാനാകുമെങ്കിലും നടപടി ആയില്ല. ഫോൺ ഇല്ലാത്തതിനാൽ ഇതിനകം മൂന്നു ദിവസത്തെ പഠനം മുടങ്ങി.

വിവരമറിഞ്ഞ മരട് നഗരസഭാ ചെയർമാനും ഡിവിഷൻ കൗൺസിലറുമായ ആൻറണി ആശാൻപറമ്പിൽ സ്വന്തം ആവശ്യത്തിനായി വാങ്ങിയ മൊബൈൽ ഫോൺ വിദ്യാർത്ഥിക്ക് കൈമാറി.