ചെറായി : വിനോദസഞ്ചാര വകുപ്പ് നടപ്പിലാക്കുന്ന ഗ്രീൻ കാർപ്പറ്റ് പദ്ധതിയുടെ ഭാഗമായി ചെറായി ബീച്ചിൽ നിർമിച്ചുവരുന്ന ലൈഫ് ഗാർഡുകൾക്കായി ഒരു വാച്ച് ടവറിന്റെയും ഭിന്നശേഷിക്കാർക്കായുള്ള ശൗചാലയത്തിന്റെയും നിർമാണം അവസാനഘട്ടത്തിൽ. ഇത് ഒാഗസ്റ്റിൽ പൂർത്തിയാകുമെന്ന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ അധികൃതർ അറിയിച്ചു.

പദ്ധതിയുടെ ഭാഗമായി സി.സി.ടി.വി. ക്യാമറകൾ, മിനി മാസ്റ്റ് ലൈറ്റുകൾ, ബീച്ച് കുടകൾ, ബെഞ്ചുകൾ, ശുദ്ധജല സംവിധാനങ്ങൾ, സുരക്ഷാ ബോർഡുകൾ എന്നിവകൂടി സ്ഥാപിക്കും. ഇതിൽ 10 മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു.

55 ലക്ഷം രൂപയാണ് ചെലവ്. കേരള ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപ്പറേഷൻ (കോഡ്‌കോ) ആണ് പദ്ധതിയുടെ നിർവഹണ ഏജൻസി. കൂടുതൽ സൗകര്യങ്ങൾ ഒരുക്കുക വഴി ബീച്ചിലേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കുകയാണ് ടൂറിസം വകുപ്പിന്റെ ലക്ഷ്യം.