കരുമാല്ലൂർ : ശ്രീപ്രിയയും ശ്രീഹരിയും ഓണാഘോഷത്തിനായി സ്വരൂപിച്ചു വച്ച കുഞ്ഞുസമ്പാദ്യം കാരുണ്യവഴിയിലേക്ക്. കരൾമാറ്റ ശസ്ത്രക്രിയയ്ക്കായി സഹായം തേടുന്ന യുവതിക്ക് ആ തുക കൈമാറി. മാഞ്ഞാലി മാട്ടുപുറം തേക്കുംകാട്ടിൽ ഷൈബിയുടെ മക്കളാണിവർ. കാരുകുന്ന് സ്വദേശിനിയായ സൗമ്യയാണ് കരൾമാറ്റ ശസ്ത്രക്രിയയ്ക്കായി സഹായം തേടുന്നത്. അവരെ സഹായിക്കാൻ കരുമാല്ലൂർ പഞ്ചായത്ത് മുൻകൈയെടുത്ത് ചികിത്സാ സഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. ഈ വിവരമറിഞ്ഞപ്പോൾ തങ്ങളുടെ സമ്പാദ്യമെല്ലാം ആ നിർധനരോഗിയെ സഹായിക്കാൻ നൽകാമെന്ന് കുട്ടികൾ തീരുമാനമെടുക്കുകയായിരുന്നു. വിവരമറിഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, വൈസ് പ്രസിഡന്റ് ജോർജ് മേനാച്ചേരി, പഞ്ചായത്തംഗങ്ങളായ എ.എം. അലി, സബിത നാസർ എന്നിവർ കുട്ടികളിൽനിന്ന്‌ ധനസഹായം ഏറ്റുവാങ്ങി.