ഉദയംപേരൂർ : ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പ്ലസ് ടു പരീക്ഷ എഴുതിയ ഉദയംപേരൂർ എസ്.എൻ.ഡി.പി. ഹയർ സെക്കൻഡറി സ്കൂളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് 150 കുട്ടികൾ. 451 വിദ്യാർത്ഥികളാണ് ഇത്തവണ പ്ലസ് ടു പരീക്ഷയെഴുതിയത്. 99.6 ശതമാനമാണ് വിജയം. ബയോ മാത്‍സ്, കംപ്യൂട്ടർ സയൻസ്, കൊമേഴ്‌സ് വിഭാഗങ്ങളിൽ 100 ശതമാനം കുട്ടികളും വിജയിച്ചു.

കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ പഠനം നടപ്പിലാക്കിയപ്പോൾ വിക്ടേഴ്സ് ക്ലാസിന് സമാന്തരമായി അധ്യാപകർ ഓൺലൈൻ പഠന പ്രവർത്തനത്തിൽ ജൂൺ മുതൽ പരീക്ഷ തീരുന്നതുവരെ വളരെ സജീവമായി കുട്ടികൾക്കൊപ്പം ഉണ്ടായിരുന്നു.

ഇതിനുവേണ്ടി കുട്ടികൾക്ക് ആവശ്യമായ മൊബൈൽഫോൺ സൗകര്യം, ടാബ്, ടെലിവിഷൻ എന്നിവയെല്ലാം കഴിഞ്ഞ അദ്ധ്യയന വർഷത്തിന്റെ തുടക്കത്തിൽതന്നെ ജീവനക്കാർ, പി.ടി.എ, മാനേജ്മെന്റ്, സാമൂഹിക-രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖർ എന്നിവരുടെ സഹായത്തോടെ ഉറപ്പുവരുത്തുകയുമുണ്ടായി.

തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെയും സാധാരണക്കാരുടെയും മക്കൾ കൂടുതലായി പഠിക്കുന്ന ഈ പൊതു വിദ്യാലയത്തിലെ എല്ലാ നേട്ടങ്ങളുടെയും അടിസ്ഥാനം ഇവിടത്തെ കൂട്ടായ പ്രവർത്തനമാണ്.

സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കുന്നത് പ്രിൻസിപ്പൽ ഇ.ജി. ബാബു, പ്രധാനാധ്യാപിക എൻ.സി. ബീന, പി.ടി.എ. പ്രസിഡൻറ്്‌ ആർ. ശ്രീജിത്ത്, ശാഖാ പ്രസിഡൻറ്്‌ എൽ. സന്തോഷ് എന്നിവരാണ്.