കോതമംഗലം : ഭൂതത്താൻകെട്ടിൽ ഇറങ്ങിയ ആനക്കൂട്ടം ഡാമിനോട് ചേർന്നുള്ള ക്ഷേത്രത്തിലെ ഓഫീസ് കെട്ടിടത്തിന് ഉൾപ്പെടെ നാശംവരുത്തി. ഏതാനും ദിവസമായി ഡാമിന് സമീപം 20-ഓളം വരുന്ന ആനക്കൂട്ടത്തിന്റെ സാന്നിധ്യമുണ്ട്. കഴിഞ്ഞരാത്രി 11-ഓടെയാണ് ഡാം പരിസരത്തുള്ള ദുർഗാദേവീ ക്ഷേത്രത്തിൽ ആനക്കൂട്ടം നാശം വിതച്ചത്.

പതിനായിരങ്ങളുടെ നഷ്ടം കണക്കാക്കുന്നു. തൊട്ടടുത്തുള്ള ഫോറസ്റ്റ് സ്‌റ്റേഷനിൽ നിന്ന് വനപാലകർ എത്തി രണ്ട് മണിക്കൂർ പരിശ്രമിച്ചാണ് ആനകളെ തുരത്തിയത്. ഓടിക്കുന്നതിനിടെ ആനകൾ വനപാലകർക്ക്് നേരേ തിരിഞ്ഞു. ആനക്കൂട്ടം ശർക്കരതേടി എത്തിയതാവാനാണു സാധ്യതയെന്ന് വനപാലകർ പറഞ്ഞു. ശ്രീകോവിൽ ഒഴിച്ചുള്ള ഭാഗത്താണ് ആനകളുടെ വിളയാട്ടം ഉണ്ടായത്. ഷീറ്റ് മേഞ്ഞ തിടപ്പിള്ളി, ഓഫീസ്-അന്നദാന കൗണ്ടർ, അടുക്കള എന്നിവയ്ക്കാണ് നാശംവരുത്തിയത്.

മേൽക്കൂര കുത്തിമറിച്ച് ഭിത്തിക്കും നാശംവരുത്തി. അടുക്കളയിൽ ഉണ്ടായിരുന്ന ഉരുളികളും ബക്കറ്റും ഉൾപ്പെടെ നിരവധി പാത്രങ്ങളും, ക്ഷേത്രവളപ്പിനു ചുറ്റും വേലിയായി സ്ഥാപിച്ചിരുന്ന ഷീറ്റുകളും നശിപ്പിച്ചു. മുമ്പ് പലപ്രാവശ്യം ആനക്കൂട്ടം ക്ഷേത്രത്തിൽ നാശം വരുത്തിയിട്ടുണ്ട്്. വനംവകുപ്പ് നഷ്ടപരിഹാരം നൽകാതെ ഒളിച്ചുകളി നടത്തുകയാണെന്ന് ആക്ഷേപമുണ്ട്. പട്ടയഭൂമിയിലല്ലാ ക്ഷേത്രം സ്ഥിതിചെയ്യുന്നതെന്ന വാദമാണ് വനംവകുപ്പ് ഉന്നയിക്കുന്നത്.