കളമശ്ശേരി : വിദ്യാർഥികളെ പഠിപ്പിക്കുന്നതിന് മനസ്സും ശരീരവും പാകപ്പെടുത്താൻ പുഴനീന്തലും മലകയറ്റവും മറ്റുമായി എസ്.സി.എം.എസ്. അധ്യാപകർ. നല്ല തണുപ്പും മഴയുമുണ്ടായിരുന്ന മൂന്നാറിലെ സൂര്യനെല്ലിയിലായിരുന്നു പരിശീലനം. എന്നാൽ, ഇതൊന്നും ഒരു തണുപ്പേ അല്ലെന്നാണ് എസ്.സി.എം.എസ്. സ്കൂൾ ഓഫ് ആർക്കിടെക്ചറിലെ അധ്യാപകർ പരിശീലനശേഷം പറഞ്ഞത്. ക്ലാസ് മുറികളിൽ പഠിപ്പിക്കുന്ന രീതികളിൽ നിന്ന്‌ വേറിട്ട ദിനങ്ങളായിരുന്നു ഔട്ട്‌ ബൗണ്ട് ട്രെയിനിങ് (ഒ.ബി.ടി.) സമയത്തെ ദിവസങ്ങൾ.

ആദ്യ ദിനത്തിൽ വൈകീട്ട് എല്ലാവരും ഒന്നിച്ചുള്ള കലാപരിപാടികളായിരുന്നു. പിറ്റേന്ന് അതിരാവിലെ കായികപരിശീലനങ്ങൾ തുടങ്ങി. ഡിസൈൻ മേഖലകളിലും രൂപകൽപ്പനകളിലും മുന്നേറാനുള്ള മാനസിക വ്യായാമമാണ് ഇതിലൂടെ ലക്ഷ്യമിട്ടത്.

കാർ ട്യൂബുകളും മുളയും ഉപയോഗിച്ച് സ്വയം വള്ളമുണ്ടാക്കി തടാകത്തിൽ നിശ്ചിത സമയത്തിനുള്ളിൽ മറുകരയിൽ തുഴഞ്ഞെത്തുന്നതടക്കം ശരീരത്തെയും മനസ്സിനെയും ബലപ്പെടുത്താനുതകുന്ന സാഹസികമായ പ്രവൃത്തികളിലും നിർമിതികളിലും ഏർപ്പെട്ടു. കാലിപ്സോ അഡ്വഞ്ചേഴ്‌സിന്റെ മേൽനോട്ടത്തിലായിരുന്നു പരിശീലനം.