വരാപ്പുഴ: പഠനത്തിനൊപ്പം കാർഷിക രംഗത്തെ ഇടപെടലുകളിലൂടെ കൂനമ്മാവ് ബോയ്‌സ് ഹോമിലെ വിദ്യാർഥികൾ നാടിന് അഭിമാനമാകുകയാണ്. പച്ചക്കറി കൃഷിയിലും പ്രകൃതി കൃഷിയിലുമൊക്കെ മികവ് തെളിയിച്ച വിദ്യാർഥികളിപ്പോൾ പൊക്കാളി നെൽകൃഷിയിലും വിജയഗാഥ തീർക്കുകയാണ്.

കൈതാരം പാടശേഖരത്തിലെ പത്തേക്കറിലേറെ പാടത്ത് നെൽകൃഷിക്ക് നേതൃത്വം നൽകുക വഴി ഇവർ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കുട്ടിക്കർഷകരിപ്പോൾ കർഷകർക്കും താങ്ങായിട്ടെത്തിയിരിക്കുകയാണ്. നെല്ലു കൊയ്തെടുക്കുന്നതിനായി തൊഴിലാളികളുടെ ക്ഷാമം നേരിടുന്നയിടങ്ങളിൽ കൊയ്യാനും കറ്റ കയറ്റാനും നെല്ല് മെതിക്കാനുമൊക്കെ ഈ കുട്ടി കർഷകർ റെഡിയാണ്.

വിദ്യാർഥികളുടെ പരിശ്രമത്തിൽ കോട്ടുവള്ളി കളത്തുംപടി പാടശേഖരത്തിലെ ഒരു ഹെക്ടർ പാടത്തെ നെല്ല് കൊയ്തെടുത്തു. കൊയ്തെടുത്ത നെൽകറ്റകൾ വഞ്ചിയിൽ കയറ്റി കരയ്ക്കെത്തിക്കുന്നതിനും അവർതന്നെ നേതൃത്വം നൽകി. കൃഷിഭവന്റെ ഉടമസ്ഥതയിലുള്ള മെതിയന്ത്രം ഉപയോഗിച്ച് നെല്ല് മെതിച്ചുനൽകുന്നതും വിദ്യാർഥികൾ തന്നെ. കോട്ടുവള്ളി പഞ്ചായത്തിലെ വിവിധ പൊക്കാളി പാടശേഖരങ്ങളിൽ ബോയ്‌സ് ഹോമിലെ വിദ്യാർഥികൾ സഹായവുമായിട്ടെത്തുന്നുണ്ട്. ഞാറുനടീൽ മുതൽ നെല്ല് കൊയ്തെടുക്കാനും മെതിക്കാനുമൊക്കെ വിദ്യാർഥികൾ സന്നദ്ധരാണ്.

കർഷകർക്ക് താങ്ങാകുന്നതിനുമപ്പുറം പുതിയ കാർഷികാനുഭവം ഏറെ സന്തോഷം നൽകുന്നതായി വിദ്യാർഥികൾ പങ്കുെവച്ചു. ഗോഡ്‌വിൻ ജോർജ്‌, എഡ്വിൻ ജോർജ്‌, അരുൺ സത്യാനന്ദ്, ജോസഫ് കലാസെൻസ്, ഹരിദേവ്, ആമോസ് എന്നീ വിദ്യാർഥികളാണ് കാർഷികരംഗത്ത് സജീവമായിട്ടുള്ളത്. ബോയ്‌സ് ഹോം ഡയറക്ടർ ഫാ. സംഗീത് ജോസഫാണ് വിദ്യാർഥികൾക്ക് നേതൃത്വം കൊടുക്കുന്നത്.