ആലുവ : മുൻ വർഷങ്ങളിൽ പ്രളയത്തിൽ അടിഞ്ഞു കൂടിയ മാലിന്യവും ചെളിയും നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രി കെ. രാജൻ നിയമസഭയിൽ തെറ്റായ വിവരങ്ങൾ നൽകിയെന്ന് അൻവർ സാദത്ത് എം.എൽ.എ.

2018-ലെ പ്രളയവും 2019-ലെ വെള്ളപ്പൊക്കവും മൂലം പെരിയാർ ഉൾപ്പെടെയുള്ള നദികളിൽ അടിഞ്ഞുകൂടിയ മാലിന്യവും ചെളിയും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് എം.എൽ.എ. സഭയിൽ സബ്മിഷൻ ഉന്നയിച്ചിരുന്നു.

ഇതിനു മറുപടിയായി മൂവാറ്റുപുഴയാറിലേയും പെരിയാറിലേയും മാലിന്യവും ചെളിയും നീക്കം ചെയ്തുവെന്നാണ് മന്ത്രി മറുപടി നൽകിയതെന്ന് എം.എൽ.എ. പറഞ്ഞു. പെരിയാറിൽ അടിഞ്ഞു കൂടിയ എക്കലും ചെളിയും സംബന്ധിച്ച വിഷയം പഠന വിധേയമാക്കി ആവശ്യമായ നടപടികൾ മേജർ ഇറിഗേഷൻ എൻജിനീയർ മുഖാന്തിരം നടത്തുന്നുണ്ടെന്നും സബ്മിഷന്‌ സഭയിൽ മന്ത്രി മറുപടി നൽകി. എന്നാൽ, മൂവാറ്റുപുഴയാറിലെയും പെരിയാറിലെയും ചെളിയും മാലിന്യവും മന്ത്രി മറുപടിയിൽ പറഞ്ഞ പ്രകാരം നീക്കിയിട്ടില്ലെന്ന് എം.എൽ.എ. പറഞ്ഞു. പെരിയാറിൽ അടിഞ്ഞുകൂടിയ എക്കലും ചെളിയും സംബന്ധിച്ച വിഷയത്തിൽ മേജർ ഇറിഗേഷൻ എൻജിനീയർ പഠനം നടത്തി തീർന്നിട്ടില്ലെന്നാണ് ബന്ധപ്പെട്ടവരിൽനിന്ന് അറിയാൻ കഴിഞ്ഞതെന്നും എം.എൽ.എ. പറഞ്ഞു.

മന്ത്രി തെറ്റായ വിവരം നൽകി തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും എം.എൽ.എ. അറിയിച്ചു. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിച്ച് ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും അൻവർ സാദത്ത് നിയമസഭയിൽ ആവശ്യപ്പെട്ടു.