കാഞ്ഞിരമറ്റം : കനത്ത മഴയെത്തുടർന്ന് തോട്ടറപ്പുഞ്ചയിൽ വെള്ളക്കെട്ട്‌ തുടരുന്നതിനാൽ കൃഷിക്കാരുമായും വിവിധ വകുപ്പുകളുമായും കൂടിയാലോചിച്ച് കൃഷിയിറക്ക് പുനഃക്രമീകരിക്കും. ആറിന് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൂടിയ യോഗം ക്രമീകരണങ്ങൾ നടത്തി. 15-ന് മുമ്പ് കൃഷിയിറക്കാൻ തീരുമാനിച്ചിരുന്നു.

എന്നാൽ അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയെത്തുടർന്ന് തോട്ടറപ്പുഞ്ച വെള്ളക്കെട്ടിലായി.

ഇതോടെ പായൽ വാരുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്താനായില്ല. 25-ന് മുമ്പ് പായൽ വാരുന്നത് പൂർത്തിയാക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും വെള്ളക്കെട്ടായതോടെ പായൽ നീക്കുന്നത് പ്രയാസമായി. പാടങ്ങളിലേക്കുള്ള ഒഴുക്കു നിയന്ത്രിക്കുന്നതിനായി ഷട്ടറുകൾ സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടക്കുകയാണെന്ന് മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി. നായർ പറഞ്ഞു.

ഒലിപ്പുറം, മനയ്ക്കത്താഴം, പുലിമുഖം, കൈപ്പട്ടൂർ എന്നിവിടങ്ങളിലാണ് വെള്ളം നിയന്ത്രിക്കുന്നതിനായി ഷട്ടറുകൾ സ്ഥാപിക്കുന്നത്.

വെള്ളൂർ പഞ്ചായത്തിലെ കുന്നുംപുറം പാടങ്ങളിലേക്ക് ചെറിയ ഷട്ടറുകളും പുലിമുഖം, ഒലിപ്പുറം, മനയ്ക്കത്താഴം എന്നിവിടങ്ങളിൽ വെള്ളം പമ്പ് ചെയ്യുന്നതിന് കൂടുതൽ ശക്തിയുള്ള മോട്ടോറുകളും സ്ഥാപിക്കാൻ ആറിന് പാടശേഖര സമിതി നേതാക്കളും പഞ്ചായത്ത്‌ പ്രസിഡന്റുമാരും വകുപ്പുതല ഉദ്യോഗസ്ഥരും ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ തീരുമാനിച്ചിരുന്നു.

ഇക്കാര്യത്തിൽ നടപടികൾ പുരോഗമിക്കുകയാണെന്ന് മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. മോട്ടോർ സ്ഥാപിക്കുന്നതിനുൾപ്പെടെ ടെൻഡർ നടപടികളായതായി അദ്ദേഹം അറിയിച്ചു.

അടുത്ത ദിവസംതന്നെ കർഷകരുടെയും പഞ്ചായത്ത് നേതൃത്വത്തിന്റെയും ഉദ്യോഗസ്ഥരുടെയും യോഗം ചേരും. ഈ യോഗത്തിന്റെ തീരുമാനമനുസരിച്ച് മുന്നോട്ടുപോകുമെന്നും രാജു പി. നായർ പറഞ്ഞു.