തുറവൂർ (അരൂർ) : തുറവൂർ മഹാക്ഷേത്രത്തിലെ പ്രസിദ്ധമായ ദീപാവലി ഉത്സവത്തിന് കൊടികയറി. ക്ഷേത്രാങ്കണത്തിലെ നൃസിംഹമൂർത്തിയുടെയും മഹാസുദർശനമൂർത്തിയുടെയും തിരുനടകളിലാണ് ഭക്തിനിർഭരമായ കൊടിയേറ്റ് നടന്നത്. നാരായണ മന്ത്രങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന ചടങ്ങുകൾ ദർശിക്കാൻ മഴയെ അവഗണിച്ചും നൂറുകണക്കിന് ഭക്തരെത്തി. നൃസിംഹമൂർത്തിയുടെ നടയ്ക്ക് മുന്നിൽ തന്ത്രി പുതുമന വാസുദേവൻ നമ്പൂതിരിയുടെയും മഹാസുദർശനമൂർത്തിയുടെ നടയിൽ പുതുമന മധുസൂദനൻ നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിലാണ് കൊടിയേറ്റ് ചടങ്ങ് നടന്നത്. വ്രതാനുഷ്ഠാനങ്ങളോടെ കോങ്കേരി ക്ഷേത്രാങ്കണത്തിൽ തയ്യാറാക്കിയ കൊടിക്കയറും കണ്ണുവള്ളി ക്ഷേത്രത്തിൽ തയ്യാറാക്കിയ കൊടിക്കൂറയും ബുധനാഴ്ച വൈകീട്ടോടെ താലപ്പൊലിയുടെ അകമ്പടിയോടെ എത്തിച്ചു. തുടർന്നായിരുന്നു കൊടിയേറ്റ്‌ ചടങ്ങ് നടന്നത്. കൊടിയേറ്റിന് ശേഷം വിഭവ സമാഹരണവും ഉണ്ടായി.

നവംബർ മൂന്നിനാണ് പ്രസിദ്ധമായ ദീപാവലി വലിയവിളക്ക് മഹോത്സവം. നാലിന് രാവിലെ 10.45-ന് ആറാട്ട്. ഉത്സവദിനങ്ങളിൽ ഓട്ടൻതുള്ളൽ, പാഠകം, ചാക്യാർകൂത്ത്, നങ്ങ്യാർകൂത്ത്, മേജർസെറ്റ് കഥകളി തുടങ്ങിയ ക്ഷേത്രകലകൾ ഉണ്ടാകും.