കൊച്ചി: ഏറെക്കാലത്തിനു ശേഷം കുഞ്ഞുങ്ങളെത്തുമ്പോൾ വരവേൽക്കാനൊരുങ്ങി വിദ്യാലയങ്ങൾ. നവംബർ ഒന്നിന് പ്രവേശനോത്സവത്തിനു മുന്നോടിയായുള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. ഒരുക്കങ്ങൾ പൂർത്തിയാക്കാനുള്ള അവസാന തീയതി ബുധനാഴ്ച അവസാനിച്ചെങ്കിലും സ്കൂളുകളിലെ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലെത്തിയിട്ടേയുള്ളൂ.

ഫിറ്റ്്‌നസ് ലഭിക്കാത്ത സ്കൂളുകളിലെ കുട്ടികളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. അമ്പതോളം സ്കൂളുകൾക്ക് ഇനിയും ഫിറ്റ്‌നസ് ലഭിച്ചിട്ടില്ലെന്നാണ് സൂചന. രണ്ടു ദിവസത്തിനുള്ളിൽത്തന്നെ നടപടികൾ പൂർത്തിയാക്കുമെന്നാണ് അധികൃതർ പറയുന്നത്.

സ്കൂളിനെ സജ്ജമാക്കൽ, ഫർണിച്ചറുകൾ നന്നാക്കി തയ്യാറാക്കൽ, ഇഴജന്തുക്കളും മറ്റും ഉണ്ടാകാനിടയുള്ള സാഹചര്യം ഒഴിവാക്കാൻ എല്ലാ സ്ഥലങ്ങളും വൃത്തിയാക്കിയെന്ന് ഉറപ്പാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് സ്കൂളുകളിൽ നടക്കുന്നത്. നവംബർ ഒന്നിന് അധ്യാപക-രക്ഷാകർതൃ സംഘടനകളുടെ യോഗങ്ങൾ കൂടി പൂർത്തിയാവാനുണ്ട്. അധ്യാപകർക്കുള്ള ബോധവത്കരണ ക്ളാസുകളും ആരംഭിച്ചിട്ടുണ്ട്്. പൊതുജന പങ്കാളിത്തത്തോടെ ജനപ്രതിനിധികളും ജനകീയ സമിതികളുമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. വിവിധ സംഘടനകളുടെയും അൻപോട് കൊച്ചി എന്നിവയുടെയും സഹായത്തോടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ.

കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് പ്രവേശനോത്സവം പരമാവധി ആകർഷകമാക്കാനാണ് ശ്രമം. പ്രധാന കവാടത്തിൽ തന്നെ അധ്യാപകരും തദ്ദേശ സ്ഥാപന പ്രതിനിധികളും കുട്ടികളെ വരവേൽക്കാനുണ്ടാകും. സ്കൂൾ അന്തരീക്ഷം അലങ്കരിച്ച് ആകർഷകമാക്കും. കോവിഡ്കാല പെരുമാറ്റ രീതികൾ വിവരിക്കുന്ന പോസ്റ്ററുകളും പതിക്കും.

ആദ്യഘട്ടത്തിൽ പഠിപ്പിക്കലില്ല

സ്കൂളിൽ ആദ്യ ആഴ്ചകളിൽ നേരിട്ടുള്ള പഠനം ഉണ്ടാവില്ല. കുട്ടികളെ മനസ്സിലാക്കുകയും വിലയിരുത്തുകയുമാണ് ചെയ്യുക. വിക്ടേഴ്‌സ് ചാനൽ വഴി സംപ്രേഷണം ചെയ്ത ക്ലാസുകൾ എത്രത്തോളം ഫലപ്രദമായെന്ന് വിലയിരുത്തും. സ്കൂൾ ജീവിതത്തിലേക്ക് വീണ്ടും പാകപ്പെടുത്താനുള്ള പിന്തുണയാണ് നൽകുക.

ഡോക്ടറുണ്ടാകും സഹായത്തിന്

സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്കൂളുകൾ ഉൾപ്പെടെ എല്ലായിടത്തും സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കും. വിദ്യാർഥികൾക്ക് ആരോഗ്യ പ്രശ്നങ്ങളോ രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ സമീപത്തെ ആശുപത്രികളിലോ ക്ലിനിക്കുകളിലോ ഫോൺ വിളിച്ചാൽ ഡോക്ടർ എത്തി ചികിത്സ നൽകും. അടിയന്തര വൈദ്യസഹായത്തിനായി ഫോൺ നമ്പറുകൾ സ്കൂളുകളിൽ പ്രദർശിപ്പിക്കും. ജില്ലാ മെഡിക്കൽ ഓഫീസർക്കാണ് ഏകോപനച്ചുമതല. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും നൽകും.

ആരോഗ്യ വകുപ്പിെന്റ പിന്തുണ

സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾക്ക് ആരോഗ്യ വകുപ്പിെന്റ പൂർണ പിന്തുണയുണ്ട്. സ്കൂളുകളുമായി ബന്ധപ്പെട്ട എല്ലാ കമ്മിറ്റികളിലും ആരോഗ്യ വകുപ്പിെന്റ പ്രാതിനിധ്യമുണ്ടാകും. സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും

ഡോ. എൻ.കെ. കുട്ടപ്പൻ,

ജില്ലാ മെഡിക്കൽ ഒാഫീസർമാനസിക പിന്തുണ ഉറപ്പാക്കും

രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും ആശങ്കകൾ പരിഹരിക്കാനുള്ള മാനസിക പിന്തുണ ഉറപ്പാക്കുന്നുണ്ട്. കൗൺസലിങ് ആവശ്യപ്പെടുന്നവർക്ക് നൽകുന്നുണ്ട്. സ്കൂൾ തുറന്നതിനു ശേഷവും സൗകര്യം നൽകും. നേരിട്ട് പാഠ്യപദ്ധതിയിലേക്ക് കടക്കാതെ പഠനാന്തരീക്ഷത്തിലേക്ക് സജ്ജരാക്കുകയാണ് ലക്ഷ്യം.

സിനി കെ.എസ്.,

ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ