ചെറായി : കടൽച്ചൊറി തീരക്കടലിലും വ്യാപകമായതോടെ ചെറുവഞ്ചിയിൽ വലനീട്ടി മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ കഞ്ഞികുടി മുട്ടി.

സാധാരണ ബോട്ടുകളും വലിയ വള്ളങ്ങളും മത്സ്യബന്ധനം നടത്തുന്ന മേഖലയിൽ കാണുന്ന കടൽച്ചൊറി ഇപ്പോൾ തീരത്തേക്ക് അടുത്തതാണ് വിനയായത്. കടൽച്ചൊറി തിങ്ങിനിൽക്കുന്നതിനാൽ മത്സ്യങ്ങൾ തീരത്തേക്ക് അടുക്കുന്നില്ല.

ഇതോടെ മത്സ്യത്തൊഴിലാളികൾക്ക് മത്സ്യലഭ്യത വളരെയേറെ കുറഞ്ഞു.

സാധാരണ ഈ സീസണിൽ തീരത്ത് അയലയും, പല്ലിക്കോരയും, ചെമ്മീനുമൊക്കെ ലഭിക്കേണ്ടതാണ്. എന്നാൽ, ഇപ്പോൾ വലനീട്ടിയാൽ കാര്യമായൊന്നും ലഭിക്കുന്നില്ലത്രേ. കൊച്ചി അഴിമുഖത്തുനിന്നും വടക്കോട്ടുള്ള ഭാഗത്താണ്‌ കടൽച്ചൊറിയുടെ സാന്നിധ്യം കൂടുതലത്രേ. കടലിൽ വലിയ തോതിൽ നീർവലിവ് അനുഭവപ്പെട്ടാൽ മാത്രമേ ഇത് മറ്റിടങ്ങളിലേക്ക് തള്ളിപ്പോകുകയുള്ളൂവെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.

ആഴക്കടലിലും മറ്റും വ്യാപകമായി കാണുന്ന കടൽച്ചൊറികൾ ബോട്ടുകൾ വല വലിക്കുമ്പോൾ കുറെയൊക്കെ നശിച്ചുപോകാറുണ്ട്. എന്നാൽ, തീരത്ത് ഇത്രയധികം കടൽച്ചൊറിയുടെ സാന്നിധ്യം ഇതാദ്യമാണെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.