കൊച്ചി: ജെയിംസ് ബോണ്ട് സിനിമ ‘നോ ടൈം ടു ഡൈ’ പ്രദർശിപ്പിക്കുന്ന ഷേണായീസ് തിയേറ്ററിനു മുന്നിൽ ഒത്തുകൂടുമ്പോൾ അവർ പറഞ്ഞു - അതെ, നോ ടൈം ടു ഡൈ (മരിക്കാൻ സമയമില്ല). “വലിയൊരു ഇടവേളയ്ക്കു ശേഷം തിയേറ്ററുകൾ തുറക്കുമ്പോൾ മരിക്കാൻ നേരമില്ല എന്നർത്ഥം വരുന്ന ‘നോ ടൈം ടു ഡൈ’ തന്നെ ആദ്യമെത്തിയത് ഒരു നിയോഗംപോലെ തോന്നുന്നു; കേരളത്തിലെ തിയേറ്ററുകൾ മരിക്കുന്നില്ല എന്ന പ്രഖ്യാപനം തന്നെ. പ്രശ്നങ്ങളും ആശങ്കകളും ഏറെയുണ്ടെങ്കിലും നമ്മുടെ സിനിമാ രംഗം തിരിച്ചുവരിക തന്നെ ചെയ്യും” - അവർ പറഞ്ഞു.

കോവിഡ് ലോക്ഡൗണിനു ശേഷം സംസ്ഥാനത്തെ സിനിമാ തിയേറ്ററുകൾ വീണ്ടും തുറക്കുന്ന ദിനത്തിൽ ‘മാതൃഭൂമി’ക്കു വേണ്ടി എറണാകുളം ഷേണായീസ് തിയേറ്ററിൽ ഒത്തുകൂടുമ്പോൾ നിറഞ്ഞ പ്രതീക്ഷകളാണ് കേരള ഫിലിം ചേംബർ പ്രസിഡന്റ് ജി. സുരേഷ് കുമാർ, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം. രഞ്ജിത്ത്, എക്സിക്യുട്ടീവ് കമ്മിറ്റിയംഗം ആൽവിൻ ആന്റണി, ‘ഫിയോക്’ പ്രസിഡന്റ് കെ. വിജയകുമാർ, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് സിയാദ് കോക്കർ എന്നിവർ പങ്കുവെച്ചത്.

വെള്ളിയാഴ്ച മലയാള സിനിമയായ ‘സ്റ്റാർ’ കൂടി എത്തുന്നതോടെ പഴയ കാലത്തേക്കുള്ള തിരിച്ചുവരവിന്റെ യാത്ര തുടങ്ങുമെന്നും അവർ പറഞ്ഞു.

സർക്കാരിലേക്ക് ഉറ്റുനോക്കിയാണ് തിയേറ്ററുകൾ തുറക്കുന്നതെന്നാണ് ഫിലിം ചേംബർ പ്രസിഡന്റ് ജി. സുരേഷ് കുമാർ പറഞ്ഞത്.

കുടുംബ സിനിമകളുടെ റിലീസാണ് ആശങ്കയായി എം. രഞ്ജിത്ത് പങ്കുവെച്ചത്. “കുട്ടികളുമായി കുടുംബങ്ങൾ വരുമ്പോഴാണ് തിയേറ്ററുകൾ നിറയുന്നത്. വാക്‌സിൻ നിബന്ധനയുള്ളതിനാൽ ഇപ്പോൾ കുട്ടികളെ കൊണ്ടുവരാൻ പറ്റില്ല. കുട്ടികളെ വീട്ടിൽ നിർത്തി കുടുംബം സിനിമ കാണാൻ വരുമെന്നും പ്രതീക്ഷിക്കാനാകില്ല. വാക്‌സിന്റെ കാര്യത്തിൽ സർക്കാർ ഇളവ് തന്നാലേ തിയേറ്ററുകളിൽ പഴയ ഉത്സവകാലം തിരികെയെത്തൂ” - രഞ്ജിത്ത് പറഞ്ഞു.

പെട്ടിയിലായിരുന്ന സിനിമയുടെ ഉയിർത്തെഴുന്നേൽപ്പാണ് ആൽവിൻ ആന്റണിയുടെ പ്രതീക്ഷകളിൽ. “ജെയിംസ് ബോണ്ട് ചിത്രത്തിനു മോശമല്ലാത്ത കളക്ഷനാണ്. വ്യാഴാഴ്ച റിലീസ് ആകുന്ന ‘ഡോക്ടർ’ എന്ന തമിഴ് ചിത്രത്തിനും നല്ല ബുക്കിങ് നടന്നിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്’’ - വിജയകുമാറും സിയാദ് കോക്കറും പ്രതീക്ഷകൾ പങ്കു വെച്ചു.