കൊച്ചി: കെ.യു.ആർ.ടി.സി.യുടെ ജനറം ലോ ഫ്ലോർ ബസുകളെ എവിടെ കാണാൻ കിട്ടുമെന്ന സംശയമാണ് യാത്രക്കാർക്ക്. തേവര ഡിപ്പോ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ ഏതാണ്ട് അവസാനിപ്പിച്ചു.

നിലവിൽ എറണാകുളം ഡിപ്പോയിൽനിന്നുള്ള സർവീസുകൾ മാത്രമേയുള്ളൂ. അതുതന്നെ നാലെണ്ണമായി കുറഞ്ഞിരുന്നു. പ്രതിഷേധത്തെ തുടർന്ന് ഇപ്പോൾ 12 സർവീസുകളാക്കിയിട്ടുണ്ട്. അപ്പോഴും എറണാകുളം നഗരത്തിൽ ഒറ്റ സിറ്റി ലോ ഫ്ലോർ സർവീസ് പോലും തുടങ്ങാൻ തയ്യാറായിട്ടില്ല കെ.യു.ആർ.ടി.സി.

ലോക്ഡൗണിനു മുൻപുവരെ 42 സർവീസുകളാണ് തേവര ഡിപ്പോ കേന്ദ്രീകരിച്ച് നടത്തിയിരുന്നത്. അതിൽ സിറ്റി സർവീസുകൾ 11 എണ്ണമുണ്ടായിരുന്നു. ലോക്ഡൗണിനു ശേഷം ഒാട്ടം ആരംഭിച്ചപ്പോഴും 24 ദീർഘദൂര എ.സി. ബസും ഒരു ലോക്കൽ സർവീസും നടത്തിയിരുന്നു. പിന്നീട്, സർവീസുകൾ നാലാക്കി വെട്ടിക്കുറയ്ക്കുകയായിരുന്നു.

പിന്നാലെ തേവര ഡിപ്പോയിലെ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റി. സ്ഥലംമാറ്റം കെ.യു.ആർ.ടി.സി.യെ തകർക്കുന്നതിന്റെ ഭാഗമാണെന്നാരോപിച്ച് ടി.ജെ. വിനോദ് എം.എൽ.എ. അടക്കം രംഗത്തുവരികയും ചെയ്തു. ഇനി കൂടുതൽ സർവീസുകൾ നടത്തണമെങ്കിൽ മറ്റു ഡിപ്പോയിൽ നിന്ന് ആളെ എത്തിക്കേണ്ടി വരും.

42 ജനറം ബസുകൾ സർവീസിന് സജ്ജമാണെങ്കിലും ഇവ ഉപയോഗിക്കാതെ ഡിപ്പോയിലും ഗാരേജിലും കിടന്ന് തുരുമ്പെടുത്ത് നശിക്കുകയാണ്. എറണാകുളം - തിരുവനന്തപുരം എ.സി. ബസിൽനിന്നു മാത്രം 30,000 മുതൽ 50,000 രൂപ വരെ പ്രതിദിന വരുമാനം ലഭിക്കുന്നുണ്ട്. സിറ്റി സർവീസിൽ ഒരു ബസിൽനിന്ന് 18,000 മുതൽ 20,000 രൂപ വരെ വരുമാനം ലഭിച്ചിരുന്നു. ഇങ്ങനെ വരുമാനം ലഭിക്കുന്ന സർവീസുകൾ നിർത്താൻ എന്താണ് കാരണമെന്ന് ജീവനക്കാർക്കു പോലും അറിയില്ല. സിറ്റി സർവീസുകൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് പല തവണ ചർച്ചകൾ നടന്നെങ്കിലും എല്ലാം പാതി വഴിയിൽ നിലച്ചു.