പള്ളുരുത്തി : പട്ടികജാതിക്കാരനായ യുവാവിനെ പോലീസ് മർദിച്ചതായി പരാതി. മർദനമേറ്റ ഇടക്കൊച്ചി കണ്ണങ്ങാട്ട് വളഞ്ചേരിത്തറ വീട്ടിൽ സജീഷ് കുമാറിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടക്കൊച്ചിയിൽ മത്സ്യക്കച്ചവടവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കുന്നതിന് സ്റ്റേഷനിൽ വിളിച്ചുവരുത്തിയ തന്നെ, പോലീസ് മർദിക്കുകയായിരുന്നുവെന്ന് ഇയാൾ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു.

പള്ളുരുത്തി സി.ഐ.ക്കെതിരേയാണ് പരാതി നൽകിയിട്ടുള്ളത്. ഇയാൾ കരുവേലിപ്പടി മഹാരാജാസ് ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, ഇദ്ദേഹത്തെ മർദിച്ചെന്ന പരാതി അടിസ്ഥാനരഹിതമാണെന്നും, സ്റ്റേഷനിൽ വിളിച്ചുവരുത്തി വിവരങ്ങൾ ആരായുകയാണുണ്ടായതെന്നും പോലീസ് പറഞ്ഞു.