തൃപ്പൂണിത്തുറ : ബി.പി.സി.എൽ. കൊച്ചി റിഫൈനറി സ്വകാര്യവത്കരണത്തിനെതിരേ സമരം ശക്തമാക്കാനും മാർച്ച് 23-ന് ജില്ലാ ഹർത്താൽ സംഘടിപ്പിക്കാനും തീരുമാനം. റിഫൈനറി സംരക്ഷണ സമിതി നേതൃത്വത്തിൽ തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ ശനിയാഴ്ച നടന്ന റിഫൈനറി സംരക്ഷണ സദസ്സാണ് തീരുമാനമെടുത്തത്.

ജനുവരി 26-ന് പഞ്ചായത്ത് കേന്ദ്രങ്ങളിൽ പൊതുമേഖലാ സംരക്ഷണ സദസ്സ് സംഘടിപ്പിക്കും. ലക്ഷം ഒപ്പുകൾ സമാഹരിച്ച് പ്രധാനമന്ത്രിക്ക്‌ അയയ്ക്കൽ, ഫെബ്രുവരിയിൽ രാജ്ഭവൻ മാർച്ച്, പാർലമെൻറ് മാർച്ച് തുടങ്ങിയ സമര പരിപാടികളും തീരുമാനിച്ചിട്ടുണ്ട്.

ബി.പി.സി.എൽ. സ്വകാര്യവത്കരണം രാജ്യ താത്‌പര്യത്തിനു വിരുദ്ധമാണെന്നും തൊഴിൽ നഷ്ടമടക്കം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത എളമരം കരീം എം.പി. പറഞ്ഞു. ബെന്നി ബഹനാൻ എം.പി. അധ്യക്ഷനായിരുന്നു.

ജനറൽ കൺവീനർ കെ. ചന്ദ്രൻ പിള്ള, എ.ഐ.ടി.യു.സി. സംസ്ഥാന ജന. സെക്രട്ടറി കെ.പി. രാജേന്ദ്രൻ, ഡി.സി.സി. പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, ബി.എം.എസ്. സംസ്ഥാന വൈസ് പ്രസിഡൻറ് കെ.കെ. വിജയകുമാർ, കെ.ജെ. മാക്സി എം.എൽ.എ., സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം എം. സ്വരാജ്, ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡൻറ് കെ.കെ. ഇബ്രാഹിംകുട്ടി, സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി പി.ആർ. മുരളീധരൻ, ജില്ലാ പ്രസിഡൻറ് ജോൺ ഫെർണാണ്ടസ്, ഐ.എൻ.ടി.യു.സി. നേതാവ് വി.പി. ജോർജ്, എ.ഐ.ടി.യു.സി. ജില്ലാ സെക്രട്ടറി കെ.എൻ. ഗോപി, ടി.യു.സി.ഐ. അഖിലേന്ത്യാ സെക്രട്ടറി ചാൾസ് ജോർജ്, എച്ച്.എം.എസ്. സംസ്ഥാന സെക്രട്ടറി കെ.കെ. ചന്ദ്രൻ, എ.ഐ.യു.ടി. യു.സി. ജില്ലാ പ്രസിഡന്റ് പി.എം. ദിനേശൻ, തൃപ്പൂണിത്തുറ നഗരസഭാ ചെയർപേഴ്‌സൺ രമ സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.