ചെറായി : നിർദിഷ്ട മുനമ്പം-അഴീക്കോട് പാലംപണിയിലെ അശാസ്ത്രീയത പരിശോധിച്ച് നാട്ടുകാരുടെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യം. ഈ ആവശ്യം ഉന്നയിച്ച മുനമ്പം പോർട്ട് ആൻഡ്‌ ഇൻഡസ്ട്രീസ് ഡെവലപ്‌മെന്റ് ഓർഗെനൈസേഷന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള വ്യാപാരി -വ്യവസായി ഏകോപന സമിതി മുനമ്പം മർച്ചന്റ്സ്‌ അസോസിയേഷന്റെ നേതൃത്വത്തിൽ യോഗം നടത്തി.

മുനമ്പം മാണിബസാറിൽ നടന്ന യോഗം കുടിയൊഴിപ്പിക്കൽ വിരുദ്ധസമിതി ചെയർമാൻ ജിമ്മി ചക്യാത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ. ഗോപാലൻ അധ്യക്ഷത വഹിച്ചു.

ശാസ്ത്ര സാങ്കേതികവിദ്യകൾ വളർച്ചയുടെ പടികൾ താണ്ടുമ്പോൾ, തികച്ചും അശാസ്ത്രീയമായ രീതിയിലാണ് പാലംപണി നടക്കാൻപോകുന്നത്. ഈ രീതിയിൽ പാലം പണിതാൽ മുനമ്പം മത്സ്യബന്ധന മേഖലയുൾപ്പെടെ വൈപ്പിൻകര ആകെ തകർച്ചയുടെ വക്കിലേക്ക് പോകുമെന്ന് മുനമ്പം പോർട്ട് ആൻഡ്‌ ഇൻഡസ്ട്രീസ് ഡെവലപ്‌മെന്റ് ഓർഗെനൈസേഷൻ പ്രസിഡന്റ് കെ.കെ. പുഷ്കരൻ യോഗത്തിൽ വിശദീകരിച്ചു.

എൻ.ആർ. ഹരി, ജനറൽ സെക്രട്ടറി കെ.ബി. രാജീവ്, മഞ്ഞുമാതാ ബസലിക്കയിലെ ഫാ. നിബിൻ, കേരള വ്യാപാരി-വ്യവസായി ഏകോപന സമിതി സംസ്ഥാന കൗൺസിൽ അംഗം പോൾ ജെ. മാമ്പിള്ളി, ഷാജഹാൻ, കെ.കെ. മോഹൻലാൽ, വി.കെ. ജോയി, ഇം.എം. കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.