കാക്കനാട്: തൃക്കാക്കര നഗരസഭയിൽ വിമതശല്യം സ്ഥാനാർഥികൾക്കു വലിയ വെല്ലുവിളിയാണ്. പാർട്ടി നേതൃത്വത്തിന്റെ കർശന നിർദേശം തള്ളിക്കളഞ്ഞ് മത്സര രംഗത്തുള്ളവരും ചോദിച്ച സീറ്റു കിട്ടാത്തതിന്റെ പ്രതികാരമായി മത്സരിക്കുന്നവരും കൂട്ടത്തിലുണ്ട്.
നഗരസഭയിലെ 15-ാം ഡിവിഷനായ കാക്കനാട് ഹെൽത്ത് സെന്ററിൽ കോൺഗ്രസിന് രണ്ട് വിമത സ്ഥാനാർഥികളുണ്ട്. മണ്ഡലം സെക്രട്ടറിമാരായ പി.സി. മനൂപ്, അലി കാവലാടൻ എന്നിവർ.
കോൺഗ്രസ് ബ്ലോക്ക് ജന.സെക്രട്ടറി പി.പി. അലിയാർ ആണ് ഇവിടെ യു.ഡി.എഫ്. സ്ഥാനാർഥി. ഡി.സി.സി. സെക്രട്ടറി പി.ഐ. മുഹമ്മദാലിക്കെതിരേ ബ്ലോക്ക് സെക്രട്ടറി ഷാന അബ്ദുവും രംഗത്തുണ്ട്. ഇരുവരുടെയും ഹോം വാർഡായ ഇടച്ചിറയിലാണ് (9) മത്സരം.
നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനായ മേരി കുര്യൻ മത്സരിക്കുന്ന 34-ാം വാർഡിൽ മുൻ നഗരസഭ വൈസ് ചെയർമാൻ സാബു ഫ്രാൻസിസിന്റെ ഭാര്യ ഓമന സാബുവും കെ.എസ്.യു. ജില്ലാ സെക്രട്ടറി കെ.എം. മൻസൂർ മത്സരിക്കുന്ന 39-ാം വാർഡായ മോഡൽ എൻജിനീയറിങ് കോളേജിൽ കോൺഗ്രസ് ബ്ലോക്ക് നേതാവ് ഇ.പി. കാതർ കുഞ്ഞും മത്സര രംഗത്തുണ്ട്.
20-ാം വാർഡായ കുന്നത്തുചിറയിൽ യു.ഡി.എഫ്. സ്ഥാനാർഥി കെ.എം. മാത്യുവിന് (ജയ്മി) രണ്ടു റിബലുകളെ നേരിടണം.
കുന്നേപ്പറമ്പ് കിഴക്ക് (28) വാർഡിൽ സി.പി.എം. ലോക്കൽ കമ്മിറ്റി അംഗം എ. ലാഫിയാണ് എൽ.ഡി.എഫ്. സ്ഥാനാർഥി. സി.പി.എം. സിറ്റിങ് കൗൺസിലറായ ടി.എം. അഷറഫും ഇവിടെ മത്സരിക്കുന്നു. 25-ാം വാർഡായ ഓലിക്കുഴിയിൽ എൽ.ഡി.എഫ്. സ്ഥാനാർഥി അൻസിയ ലുക്ക്മാനെതിരേ ബ്രാഞ്ച് അംഗം കെ.എ. ഫാസിലയുമുണ്ട്.
24-ാം വാർഡായ ടി.വി. സെന്ററിൽ എൽ.ഡി.എഫ്. സ്ഥാനാർഥി അഞ്ജു രാജേഷിനെതിരേ ഒരു വിഭാഗം സി.പി.എം. പ്രവർത്തകർ സ്വതന്ത്ര സ്ഥാനാർഥിയായി നാൻസി ബെൻസിയെ കളത്തിലിറക്കി. 31-ാം വാർഡായ സ്‌നേഹനിലയത്തിൽ സി.പി.ഐ. സ്ഥാനാർഥിയായ കെ.എക്സ്. സൈമണിനെതിരേ ദിവസങ്ങൾക്കു മുൻപ് രാജിെവച്ച സി.പി.ഐ. ബ്രാഞ്ച് സെക്രട്ടറി സി.എസ്. വിനോദാണ് മത്സരരംഗത്തുള്ളത്.