കോതമംഗലം : വരകളിൽ ഒളിഞ്ഞിരിക്കുന്ന ചിരിയുടെ മാലപ്പടക്കത്തിനപ്പുറം ബോധവത്കരണത്തിന്റെ വേറിട്ട മുഖം കൊടുക്കുന്ന കാർട്ടൂണുകൾ ജനമനസ്സുകൾ കീഴടക്കുകയാണ്.

രോഗം എന്തുമാകട്ടെ, അതിനെതിരേ പൊരുതുന്നതാണ് കെ.എ. അരവിന്ദാക്ഷൻ എന്ന മുൻ ആരോഗ്യപ്രവർത്തകന്റെ ആരോഗ്യദൃശ്യം കാർട്ടൂണുകൾ ഓരോന്നും.

വാരപ്പെട്ടി സാമൂഹികാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടറായിരിക്കെ അവിചാരിതമായാണ് അരവിന്ദാക്ഷൻ കാർട്ടൂൺ വരയിലേക്ക് പ്രവേശിക്കുന്നത്. കഴിഞ്ഞവർഷമാണ് ജോലിയിൽ നിന്ന് വിരമിച്ചത്.

ഇപ്പോഴും കാർട്ടൂൺ രചനയിൽ സക്രിയമാണ്. 2015 മുതൽ ഓരോ ആഴ്ചയിലും വാരപ്പെട്ടി സി.എച്ച്.സി.യുടെ പൂമുഖച്ചുമരിൽ രചിച്ച അരവിന്ദാക്ഷന്റെ കാർട്ടൂണുകൾ ജനഹൃദയങ്ങളിൽ ഏറെ സ്ഥാനം നേടിയിരുന്നു. ആരോഗ്യദായകമായ പ്രമേയത്തിന് അനുസൃതമായ വരയും കുറിയും ആശയസമ്പുഷ്ടമായിരുന്നു. ഓരോ രോഗത്തിനെതിരെയുള്ള പടവാളുകളായിരുന്നു ഓരോ രചനയിലും കോറിയിട്ടത്.

ജനങ്ങളുടെ ആരോഗ്യദായകമായ ജീവിതത്തിനായി ഇതുവരെ 255-ലേറെ കാർട്ടൂണുകളാണ് അരവിന്ദാക്ഷൻ വരച്ചത്. ഇതിൽ 215 വാരപ്പെട്ടി സി.എച്ച്.സി.യിലാണ് പ്രദർശിപ്പിച്ചത്. ഇപ്പോൾ മലയിടംതുരുത്ത് സി.എച്ച്.സി.യിൽ എല്ലാ ആഴ്ചകളിലും ഇദ്ദേഹത്തിന്റെ കാർട്ടൂണുകൾ പ്രദർശിപ്പിച്ചുവരുന്നു.

ആരോഗ്യവകുപ്പ് നടത്തുന്ന കാൻസർ, പകർച്ചവ്യാധി, ജീവിതശൈലീ രോഗങ്ങൾ, പുകയില, മദ്യം, മയക്കുമരുന്ന് തുടങ്ങി ഓരോ ദിനാചരണ പരിപാടിയും കാർട്ടൂണുകളിലൂടെ ജനഹൃദയങ്ങളിൽ എത്തിക്കാൻ അരവിന്ദാക്ഷൻ കാർട്ടൂണുകൾ ഏറെ സഹായകമായിട്ടുണ്ട്.

ലോകം മുഴുവൻ ബാധിച്ച കോവിഡ് -19 വൈറസിനെതിരേയുള്ള യുദ്ധപ്രഖ്യാപനമാണ് സമീപകാലത്ത് രചിച്ച കാർട്ടൂണുകൾ ഓരോന്നും. സർക്കാരും ആരോഗ്യവകുപ്പും നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ മുന്നറിയിപ്പുകളാണ് ഇതിവൃത്തം.