പാറക്കടവ് : കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ സഹകരണത്തോടെ പാറക്കടവ് ഇ.എം.എസ്. സ്മാരക ഗ്രന്ഥശാല അക്കാദമിക് കേന്ദ്രമാക്കി പ്രവർത്തനം തുടങ്ങി. ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡൻറ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡൻറ് പി.എൻ. രഘുനാഥ പിഷാരടി അധ്യക്ഷനായി.

ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി, പഞ്ചായത്ത് അംഗം കെ.വൈ. ടോമി, സഹകരണ ബാങ്ക് പ്രസിഡന്റ്‌ സി.എം. സാബു, ഗ്രന്ഥശാലാ സെക്രട്ടറി കെ.പി. ജോർജ്, വി.വി. പൗലോസ്‌ എന്നിവർ സംസാരിച്ചു.

വിദ്യാർത്ഥികൾക്ക് പഠനത്തിനും മത്സരപരീക്ഷകൾക്കും ആവശ്യമായ ഗ്രന്ഥങ്ങൾ പരിശോധിക്കാൻ ഇവിടെ സൗകര്യമുണ്ടാകും. അഞ്ചു വർഷത്തിനുള്ളിൽ വിവിധ പദ്ധതികൾ നടപ്പാക്കും. ഓരോ വർഷവും ഒരുലക്ഷം രൂപയുടെ റഫറൽ ഗ്രന്ഥങ്ങൾ സമാഹരിക്കും. അക്കാദമിക സൗകര്യങ്ങൾ ഏതു പ്രദേശത്തുള്ളവർക്കും ഉപയോഗിക്കാമെന്ന് ഭാരവാഹികൾ അറിയിച്ചു.