കോലഞ്ചേരി : അസം സ്വദേശി രാജാ ദാസിനെ (28) കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപൻകുമാർ ദാസിനെ (26) പുത്തൻകുരിശ് പോലീസ് പിടികൂടി. ചെന്നൈക്കടുത്ത് കോയമ്പേടിൽ നിന്നാണ് പിടികൂടിയത്. ഹൈദരാബാദിലേക്ക് പോകാൻ ടിക്കറ്റ് എടുത്ത് നിൽക്കുന്ന സമയത്താണ് പിടിയിലായത്. അന്വേഷണ സംഘം പ്രതിയുമായി ബുധനാഴ്ച നാട്ടിലെത്തും. ഇയാളുടെ പുതിയ സിം കാർഡ് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

രാജാ ദാസിനൊപ്പമായിരുന്നു ബംഗാൾ മുർഷിദാബാദ് സ്വദേശിയായ ദീപൻകുമാർ ദാസ് താമസിച്ചിരുന്നത്. രാജാ ദാസിന്റെ പണം കവർച്ച ചെയ്യപ്പെട്ടതായി വ്യക്തമായിട്ടുണ്ട്. ദീപൻകുമാർ ചെന്നൈയിലേക്ക് വണ്ടി കയറിയതായി സുഹൃത്തുക്കളിൽനിന്നു സൂചന കിട്ടിയിരുന്നു.

പൂത്തൃക്ക പുളിച്ചോട്ടിക്കുരിശിനു സമീപം ടൈൽ നിർമാണ കമ്പനിയിലെ തൊഴിലാളികളായിരുന്നു ഇരുവരും. തിങ്കളാഴ്ച പുലർച്ചെ ഉറങ്ങുന്നതിനിടെ കമ്പനിയിൽ ജോലിക്കുപയോഗിക്കുന്ന മൂർച്ചയേറിയ ആയുധമുപയോഗിച്ച് കഴുത്തിൽ വെട്ടിക്കൊന്ന ശേഷം ജഡം ടൈൽ യൂണിറ്റിലെ മെറ്റൽ പൊടിയിൽ ഒളിപ്പിച്ച ശേഷം ദീപൻകുമാർ കടന്നുകളയുകയായിരുന്നു. സംഭവം നടന്നതിന്റെ തലേ ദിവസവും ഇവർ കമ്പനി ഉടമയ്ക്കൊപ്പം ചെടി വെട്ടാനും മറ്റും കൂടിയിരുന്നു. ശനിയാഴ്ച ഇരുവർക്കും മൂവായിരം രൂപ വീതം കൂലി നൽകിയിരുന്നു. ഈ പണവും രാജാ ദാസിന്റെ കൈയിലുണ്ടായിരുന്ന പണവും ദീപൻകുമാർ അപഹരിച്ചതായി പോലീസ് പറഞ്ഞു.

രാജാ ദാസിന് ഇവിടെ അന്ത്യവിശ്രമം

കൊല്ലപ്പെട്ട രാജാ ദാസിന്റെ മൃതദേഹം തിരുവാണിയൂർ പൊതുശ്മശാനത്തിൽ സംസ്കരിച്ചു. കോവിഡ് പ്രശ്നങ്ങൾ കാരണം സ്വദേശമായ അസമിലേക്ക് മൃതദേഹം കൊണ്ടുപോകാൻ സാധിക്കാത്ത സ്ഥിതിയായിരുന്നു. തൃശ്ശൂരിൽ ജോലിചെയ്യുന്ന രാജാ ദാസിന്റെ അടുത്ത ബന്ധുക്കളുടെയും പോലീസിന്റെയും സാന്നിധ്യത്തിലാണ് മൃതദേഹം സംസ്കരിച്ചത്. രാജാ ദാസിന്റെ ഭാര്യ വീഡിയോ കോളിലൂടെ സംസ്കാര ചടങ്ങുകൾ കണ്ടു.