കൊച്ചി : കൊച്ചി കപ്പൽശാലയിൽ വ്യാജ രേഖയുപയോഗിച്ച് ജോലി ചെയ്ത സംഭവത്തിൽ പോലീസ് കസ്റ്റഡിയിലുള്ള അഫ്ഗാൻ പൗരനെ പനിയും മറ്റ് ആരോഗ്യ പ്രശ്നങ്ങളും മൂലം ആശുപത്രിയിലാക്കി. ഇതോടെ ചോദ്യം ചെയ്യൽ വൈകുന്ന സ്ഥിതിയായി. തിങ്കളാഴ്ച ഉച്ചയോടെയാണ് പ്രതി ഈദ്ഗുളിനെ (23) പോലീസ് കസ്റ്റഡിയിൽ വിട്ടത്. ചൊവ്വാഴ്ച മുതൽ ചോദ്യം ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ ശാരീരിക അവശത കാണിച്ചതിനെ തുടർന്ന് ഈദ്ഗുളിനെ എറണാകുളം ജനറൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. ഡോക്ടറുടെ നിർദേശപ്രകാരമാകും പോലീസ് തുടർ നടപടികൾ സ്വീകരിക്കുക. കോവിഡ് പശ്ചാത്തലത്തിൽ കരുതി നീങ്ങിയാൽ മതിയെന്നാണ് പോലീസിന്റെ തീരുമാനം. ഏഴ് ദിവസം കൂടി പ്രതി കസ്റ്റഡിയിൽ ഉണ്ടാകും.