കൊച്ചി : ഗുരുവെന്ന നിലയിൽ ജി. ദേവരാജൻ മാസ്റ്റർ പകർന്നുനൽകിയ അറിവിന്റെ ലോകം ഓർത്തെടുക്കുകയാണ് സംഗീതജ്ഞരായ വിജേഷ് ഗോപാലും ഡോ. രശ്മിയും. ദേവരാജൻ മാഷ് 'നൂറ്റാണ്ടിലെ ഗായകർ' എന്ന വിശേഷണത്തോടെ 2001-ൽ അവതരിപ്പിച്ച അഞ്ച് പേരിലുൾപ്പെടുന്നവരാണിവർ.

‘‘അക്ഷരസ്‌ഫുടതയ്ക്ക്‌ പ്രാധാന്യം നൽകിയിരുന്ന സംഗീത സംവിധായകനായിരുന്നു ദേവരാജൻ മാഷ്. അർഥമറിഞ്ഞുള്ള സ്വരസഞ്ചാരം പാട്ടിന്റെ ആത്മാവിനെ കേൾവിക്കാരിലേക്ക് എത്തിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്’’ -വിജേഷ് ഗോപാൽ ഓർക്കുന്നു.

ഗാനം കേൾവിക്കാരന്റെ മനസ്സിലേക്കെത്തണമെങ്കിൽ വാക്കുകളുടെ ഒഴുക്കും ഭംഗിയും വേണമെന്നും അദ്ദേഹത്തിന് നിർബന്ധമായിരുന്നു. സച്ചിൻ കൈതാരം വഴിയാണ് വിജേഷ് ദേവരാജൻ മാഷിലേക്കെത്തുന്നത്. അന്ന് ഗാനമാലപിച്ചപ്പോൾ നല്ലൊരു ഭാഷാധ്യാപകനെ കണ്ട് 'ഭാഷ പഠിക്കൂ, പാട്ട് തരക്കേടില്ല' എന്നാണ് മാഷ് പറഞ്ഞത്. ഒരു വർഷത്തിനുശേഷം വീണ്ടും അദ്ദേഹത്തിന്റെ അടുത്തെത്തി ഗാനമാലപിച്ചപ്പോൾ 'നീ കൂടെ തുടർന്നോളൂ' എന്ന മറുപടിയും കിട്ടി. പിന്നീട് 2000 മുതൽ അദ്ദേഹത്തിന്റെ ശിക്ഷണത്തിലാണ് സംഗീതം പഠിച്ചത്. ശാസ്ത്രീയ സംഗീതത്തിലുള്ള താത്പര്യം കണ്ട് കച്ചേരി കേൾക്കണമെന്നും മുഹമ്മദ് റഫിയുടെ പാട്ടുകളെ അറിയണമെന്നും അദ്ദേഹം പറഞ്ഞിരുന്നതായും വിജേഷ് ഓർമിക്കുന്നു.

‘‘മകനെപ്പോലെ കണ്ടിരുന്നപ്പോഴും പാട്ടിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടായിരുന്നു മാഷിന്’’ -വിജേഷ് പറയുന്നു.

1990-ൽ ഖത്തറിൽ വച്ചാണ് ഡോ. രശ്മി ദേവരാജൻ മാഷിനെ കണ്ടുമുട്ടുന്നത്. അന്ന് തന്റെ പാട്ടുകൾ കേൾപ്പിക്കാനുള്ള അവസരം ലഭിച്ചിരുന്നു. പിന്നീട് 97-ൽ തിരുവനന്തപുരത്ത് ‘ജൂപ്പിറ്റർ’ എന്ന ഗാനമേള സംഘത്തിൽ പാടുമ്പോഴാണ് അദ്ദേഹത്തെ വീണ്ടും കാണുന്നത്. ഇനി ഗാനമേളയ്ക്ക് പോകേണ്ടെന്നും വന്നാൽ പാട്ട് പഠിപ്പിച്ചുതരാമെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് 2006-ൽ മരിക്കുന്നതുവരെ ശിഷ്യയായി കൂടെയുണ്ടായിരുന്നു. ഒരിക്കലും ഇതിനിടയ്ക്ക് ദക്ഷിണ എന്ന ഭാവത്തിൽപ്പോലും പണം കയറിവന്നിട്ടില്ലെന്ന് ഓർക്കുന്നു ഡോ. രശ്മി.

പാട്ട് തെറ്റിയാൽ ദേഷ്യപ്പെടുമായിരുന്നു. പക്ഷേ, അതൊന്നും പാട്ടിനെ ബാധിക്കില്ലെന്നും അദ്ദേഹം ഉറപ്പുവരുത്തിയിരുന്നു. കെ.പി.എ.സി. അവതരിപ്പിച്ച നാല് നാടക ഗാനങ്ങളടക്കം നിരവധി ഗാനങ്ങൾ ആലപിക്കാൻ ഡോ. രശ്മിയ്ക്ക് അവസരം ലഭിച്ചു.