കോതമംഗലം : കുട്ടംപുഴയിൽ നിന്ന് പാചകവാതക സിലിൻഡറുമായി തേരക്കുടിയിലേക്ക് പോയ ആദിവാസികൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്.

തേരക്കുടിയിലെ രാമായി മാരി (48), ജീപ്പ് ഡ്രൈവർ കുഞ്ചിപ്പാറ ഊരിലെ സുരേഷ് (22) എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി എട്ടിന് തേരക്കുടിക്ക് സമീപത്തുവെച്ചാണ് അപകടം. കയറ്റത്തിലൂടെ പോകുമ്പോൾ ചെളിയിൽ തെന്നിയാണ് ജീപ്പ് മറിഞ്ഞത്. രാമായിയുടെ തലയ്ക്കും സുരേഷിന്റെ വലതു കൈയ്ക്കുമാണ് മുറിവു പറ്റിയത്. ഇരുവരേയും കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രഥമശുശ്രൂഷ നൽകി എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.