ആലുവ : സസ്പെൻഡ്‌ചെയ്യപ്പെട്ട ഇൻസ്പെക്ടർ സി.എൽ. സുധീറിനെതിരേ വകുപ്പുതല അന്വേഷണം നടത്തും. രണ്ടുദിവസംമുമ്പ്‌ സുധീറിനെ പോലീസ് ആസ്ഥാനത്തേക്ക്‌ സ്ഥലംമാറ്റിയിരുന്നു. ഈ ഉത്തരവ് മരവിപ്പിച്ചാണ് ഇപ്പോൾ സസ്പെൻഡ്‌ ചെയ്തിരിക്കുന്നത്. എറണാകുളം ഡി.ഐ.ജി. സമർപ്പിച്ച പ്രത്യേക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. കൊച്ചി സിറ്റി ഈസ്റ്റ് ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണർ കെ.എഫ്. ഫ്രാൻസിസ് ഷെൽബി സുധീറിന്റെ നടപടിയെക്കുറിച്ച്‌ അന്വേഷണം നടത്തും. 14 ദിവസത്തിനകം റിപ്പോർട്ട് നൽകണം.

ആലുവ പോലീസ് സ്റ്റേഷനിൽ പുതിയ ഇൻസ്പെക്ടറായി സൈജു കെ. പോളിനെ നിയമിച്ചു.

അംഗീകരിക്കപ്പെട്ടത് മൊഫിയയുടെ ആവശ്യം

ആലുവ : പോലീസ് സ്റ്റേഷനിൽ തന്നെ അപമാനിച്ച ആലുവ ഇൻസ്പെക്ടർക്കെതിരേ നടപടി വേണമെന്ന മൊഫിയയുടെ ആവശ്യം സർക്കാർ അംഗീകരിച്ചു. ഭർത്താവിന്റെയും ഭർത്തൃവീട്ടുകാരുടെയും മാനസികവും ശാരീരികവുമായ പീഡനത്തെത്തുടർന്ന് തിങ്കളാഴ്ച വൈകീട്ടാണ് മൊഫിയയെന്ന നിയമവിദ്യാർഥി സ്വന്തംവീട്ടിൽ ആത്മഹത്യചെയ്തത്.

ഇൻസ്പെക്ടർക്കൊപ്പം ഭർത്താവ്, ഭർത്താവിന്റെ മാതാപിതാക്കൾ എന്നിവർക്ക് ശിക്ഷലഭിക്കണമെന്ന് മൊഫിയ മരണക്കുറിപ്പിൽ എഴുതിയിരുന്നു.

ചൊവ്വാഴ്ച മൊഫിയയുടെ കബറടക്കത്തിനുശേഷം ആലുവയെ സ്തംഭിപ്പിച്ച സമരങ്ങൾ ആരംഭിക്കുകയായിരുന്നു. കോൺഗ്രസ് നടത്തിവന്ന ആലുവ പോലീസ് സ്റ്റേഷൻ ഉപരോധസമരം മൂന്നുനാൾ നീണ്ടു. ആലുവ-മൂന്നാർ സംസ്ഥാനപാത പൂർണമായും മൂന്നുദിവസം ബാരിക്കേഡ് ഉപയോഗിച്ച് അടക്കേണ്ടിവന്നു. ബുധൻ, വ്യാഴം ദിവസങ്ങളിൽ സമരങ്ങളുടെ വേലിയേറ്റമാണ് സബ്ജയിൽ റോഡിൽ കണ്ടത്. ഇൻസ്പെക്ടറുടെ സസ്പെൻഷനോടെ സമരങ്ങൾക്ക് സമാപ്തിയായി.

പോലീസിന് മാറ്റം ഉണ്ടാകണം -കാനംകൊച്ചി : ആലുവയിൽ നിയമ വിദ്യാർഥിനി ആത്മഹത്യചെയ്ത സംഭവത്തിൽ സി.ഐ.ക്കെതിരേ നടപടിയെടുക്കാൻ വൈകിയിട്ടില്ലെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. മറ്റുള്ളവർ ആഗ്രഹിക്കുന്നതുപോലെ നടപടിയെടുക്കാൻ സാധിക്കില്ല. സർക്കാരിന് അതിന്റേതായ രീതികളുണ്ട് -കാനം പറഞ്ഞു. ഇപ്പോഴത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പോലീസിന് മാറ്റമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.