അങ്കമാലി : ദേശീയപാതയിലൂടെ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വ്യാഴാഴ്ച രാത്രി കരിയാട്ടിലായിരുന്നു അപകടം. എറണാകുളത്തുനിന്ന് പാലക്കാട്ടേക്ക്‌ പോവുകയായിരുന്ന കാറിനാണ് തീപിടിച്ചത്. കാറിന്റെ മുൻവശത്തുനിന്ന് പുക ഉയരുന്നതുകണ്ട് ഡ്രൈവർ കാർ നിർത്തി പുറത്തിറങ്ങി ഫയർഫോഴ്‌സിനെ വിവരമറിയിച്ചു.

അങ്കമാലി ഫയർ സ്റ്റേഷനിൽ നിന്ന് സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ പി.വി. പൗലോസിന്റെ നേതൃത്വത്തിൽ എത്തിയ ഫയർഫോഴ്‌സ് സംഘമാണ് തീയണച്ചത്.

സേനാംഗങ്ങളായ എം.എസ്. റാബി, ഷാജി ഐസക്, ഷൈൻ ജോസ്, റെജി എസ്. വാരിയർ, എ.പി. ഷിഫിൻ, ആർ. ഉദയേന്ദ്ര എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. വാഹനത്തിന്റെ മുൻഭാഗം പൂർണമായും കത്തിനശിച്ചു.