കാക്കനാട്: സംസ്ഥാനത്തിന്റെ ഭരണം പിടിക്കാനുള്ള പോരിന്‌ തീയതി കുറിച്ചതോടെ അങ്കത്തട്ടൊരുക്കാനുള്ള പ്രവർത്തനം കളക്ടറേറ്റിൽ സജീവമായി. വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന കഴിഞ്ഞു. പോളിങ് ഡ്യൂട്ടിക്കുള്ള ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കിത്തുടങ്ങി.

ഒരു ഡെപ്യൂട്ടി കളക്ടറും രണ്ട്‌ ക്ലാർക്കുമാരും ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡർ, കെൽട്രോൺ പ്രോഗ്രാമർ തുടങ്ങിയവരുമാണ് തിരഞ്ഞെടുപ്പ് വിഭാഗത്തിലുള്ളത്. മറ്റ് ഓഫീസുകളിൽനിന്ന്‌ 20 പേരെക്കൂടി തിരഞ്ഞെടുപ്പ്‌ ഡ്യൂട്ടിക്കായി ഇവിടേക്ക്‌ നിയോഗിച്ചിട്ടുണ്ട്. അവർ സ്വന്തം ഓഫീസിലെ ജോലിക്കു പുറമേയാണ് ഇവിടത്തെ ജോലികൂടി നിർവഹിക്കേണ്ടത്.

വോട്ടിങ് യന്ത്രങ്ങൾ

മുംബൈയിൽനിന്ന്

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങൾ മുംബൈയിലെ ഠാണെ, പാൽഗർ ജില്ലകളിൽ നിന്നാണ്‌ എത്തിച്ചത്. ഡിസംബർ 25-ന്‌ ജില്ലയിലെത്തിയ യന്ത്രങ്ങളുടെ പരിശോധന പൂർത്തിയായി.

5100 കൺട്രോൾ യൂണിറ്റുകളും 4500 ബാലറ്റ് യൂണിറ്റുകളും 5600 വി.വി. പാറ്റുകളും ആണ് ഉള്ളത്. ഒരുമാസം കൊണ്ടാണ് പരിശോധനകൾ പൂർത്തിയാക്കിയത്.

ഉദ്യോഗസ്ഥർക്ക് പ്രാഥമിക

ഘട്ട പരിശീലനം

തൃക്കാക്കര നിയമസഭാ നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള പ്രാഥമിക ഘട്ട പരിശീലനം മാർച്ച് ഒന്നു മുതൽ ആറു വരെ ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാൾ, തൃക്കാക്കര നഗരസഭാ ടൗൺഹാൾ എന്നിവിടങ്ങളിൽ നടത്തും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരമാണ് പരിശീലനം നടത്തുന്നത്.

ജീവനക്കാരെ കൃത്യമായി പരീശീലനത്തിൽ പങ്കെടുപ്പിക്കുന്നതിന് ഓഫീസ് മേധാവികൾ ശ്രദ്ധിക്കണമെന്ന് തൃക്കാക്കര മണ്ഡലം അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.

കുട്ടി വോട്ടർമാർ

മുഖം തിരിക്കുന്നോ?

പേര്‌ ചേർത്തത് 10 ശതമാനം മാത്രം

കാക്കനാട്: നിയമസഭാ തിരഞ്ഞെടുപ്പ് ഒരു മാസമകലെ നിൽക്കുമ്പോഴും കുട്ടി വോട്ടർമാർക്ക്‌ വോട്ടിങ്ങിനോട്‌ താത്പര്യമില്ലെന്ന്‌ സൂചന. ജില്ലയിൽ 18-നും 19-നും ഇടയിൽ പ്രായമുള്ള 90,000 പേരുണ്ടെങ്കിലും ഇതിൽ 10 ശതമാനം പേർ മാത്രമാണ് വോട്ടർ പട്ടികയിൽ പേര് ചേർത്തിട്ടുള്ളത്.

ബോധവത്കരണ പരിപാടികളിലൂടെ കൂടുതൽ കുട്ടി വോട്ടർമാരെ ആകർഷിക്കാനുള്ള ഒരുക്കത്തിലാണ് തിരഞ്ഞെടുപ്പ്‌ വിഭാഗം. യുവാക്കളെ ആകർഷിക്കുന്നതിനും പട്ടികയിൽ പേര്‌ ചേർക്കുന്നതിനുമായി നിയോജകമണ്ഡല അടിസ്ഥാനത്തിൽ ‘സ്വീപ് ടീം’ ബോധവത്കരണ പരിപാടികൾ നടത്തും.

ഹയർ സെക്കൻഡറി സ്കൂളുകൾ, കോളേജുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ. തിരഞ്ഞെടുപ്പിൽ പങ്കാളിയാകുന്നതിന്റെ പ്രാധാന്യം അറിയിക്കുന്ന ലഘു വീഡിയോകൾ പ്രദർശിപ്പിക്കും. ഓൺലൈൻ ക്ലാസുകളുടെ ഇടവേളകളിൽ അധ്യാപകരുടെ അനുവാദത്തോടെയാണ് ലഘു വീഡിയോകൾ പ്രദർശിപ്പിക്കുക. തഹസിൽദാർമാരാണ് ഇതിന് നേതൃത്വം നൽകുന്നത്.