പെരുമ്പാവൂർ: ആർത്തിരമ്പുന്ന കാണികളുടെ ഇടയിൽ ഒരു ഫുട്ബോൾ മത്സരം പോലുള്ള തിരഞ്ഞെടുപ്പ് ഗോദയിൽ അനിത നോജി ഹൃദയത്തിൽ ചേർത്തുപിടിച്ചൊരു ഫുട്ബോളുണ്ട്... വെങ്ങോല 11-ാം വാർഡിലെ എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥിയായ അനിതയുടെ തിരഞ്ഞെടുപ്പ് ചിഹ്നം തന്നെ ഏറ്റവും ഇഷ്ടമുള്ള ‘ഫുട്ബോൾ’ ആണ്. എന്നാൽ ഫുട്ബോൾ എന്നാൽ അനിതയ്ക്ക് മറഡോണയാണ്. പിതാവായ പത്തനംതിട്ട റാന്നി കീകൊഴൂരിലെ ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനായ എം.സി. തോമസിന്റെ കൈപിടിച്ച് കുട്ടിക്കാലത്ത് ചെറുമൈതാനത്ത് ഫുട്ബോൾ മത്സരങ്ങൾ കാണാൻ പോകുമ്പോൾ കേട്ടിരുന്നത് മറഡോണ എന്ന പേരുമാത്രം. കാലമേറെ കഴിഞ്ഞപ്പോഴും ഫുട്ബോളിനൊപ്പം അനിത ഓർക്കുന്നത് മറഡോണയെ മാത്രം.
"ദൈവത്തിന്റെ കൈയെക്കുറിച്ച് കേട്ടിട്ടുണ്ട്, കണ്ടിട്ടില്ല" -പെരുമ്പാവൂർ അല്ലപ്രയിലെ ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ പ്രേമികൾ സംഘടിപ്പിച്ച മറഡോണ അനുസ്മരണത്തിൽ അനിത പറഞ്ഞു.
ഡൽഹിയിലും ഗൾഫിലും നഴ്സായിരുന്നു അനിത. അനിതയുടെ ഭർത്താവ് നോജിയും ഫുട്ബോൾ പ്രേമിയാണ്.