: വോട്ടു ചോദിച്ച് ഇങ്ങോട്ടു വരാൻ അവർക്കൊക്കെ മടിയാണ്. ഈ മണൽക്കൂനയിൽ ചവിട്ടി, വെള്ളക്കെട്ട് നീന്തി ഞങ്ങളുടെ മുഖത്ത് നോക്കാനുള്ള മടി തന്നെയാ കാരണം. കൊല്ലം കുറേ ആയി വെള്ളക്കെട്ടിലും മണൽക്കൂനയ്ക്കും നടുവിൽ കഴിയുന്നു. എന്ന് തീരും ഈ കഷ്ടപ്പാട്...? ഇതിനെ എന്തുതരം ജീവിതം എന്നാണ് വിളിക്കേണ്ടത്...? ഇക്കുറി വോട്ട് ചെയ്യണോ എന്നുപോലും തീരുമാനിച്ചിട്ടില്ല. വോട്ടു ചോദിച്ച് വരുന്നവരെ കാത്തിരിക്കുകയാണ് ഇവിടത്തെ പെണ്ണുങ്ങൾ. വോട്ടു ചോദിച്ച് വരുന്നവരോട് ഞങ്ങൾക്ക് കുറച്ച് ചോദിക്കാനുണ്ട്. രാത്രി ഉറക്കമില്ല. കടൽ കയറിയാൽ മക്കളെ കെട്ടിപ്പിടിച്ച് ഇരിപ്പാ ഓരോ വീട്ടിലും. എന്തെങ്കിലും സംഭവിച്ചാൽ ഇറങ്ങിയോടാൻ ഞങ്ങക്ക് വഴിപോലുമില്ല. വണ്ടി കൊണ്ടുപോകാൻ നല്ല റോഡ് വേണം. പേടിക്കാതെ കഴിയാൻ പുലിമുട്ട് വേണം. ജിയോ ട്യൂബെന്നും കടൽഭിത്തിയെന്നുമൊക്കെ കേക്കാൻ തുടങ്ങിയിട്ട് നാളുകൾ ഒത്തിരിയായി. ഇനി വെറും വാക്കിലും വാഗ്ദാനത്തിലും വിശ്വസിക്കാൻ ഞങ്ങളില്ല. ഓഖി വന്നപ്പോ കിട്ടിയ കുറച്ചു കാശല്ലാതെ മറ്റൊന്നും കിട്ടിയിട്ടില്ല. ഞങ്ങക്ക് രാഷ്ട്രീയം വേണ്ട. ദുരിതം മാറ്റാൻ ആര് നടപടി ഉണ്ടാക്കും എന്നാണ് ഞങ്ങൾ നോക്കുന്നത്. നൂറ്റമ്പതോളം വീട്ടുകാർ ദുരിതം അനുഭവിക്കുന്നു. ആദ്യമൊക്കെ മണൽ മൂടി കിടക്കുന്ന തീരദേശ റോഡ് ബുദ്ധിമുട്ടായിരുന്നു. ഇപ്പോ ഇത് അനുഗ്രഹമാണ്. ഇത് ഉള്ളതുകൊണ്ടാണ് കടൽവെള്ളം വീട്ടിലേക്ക് അടിച്ചുകയറാത്തത്. എടവനക്കാട് പഞ്ചായത്ത് ഒമ്പതാം വാർഡാ ഇത്. ഇങ്ങോട്ട് വണ്ടി വരാൻ വഴിയില്ല, കുട്ടികളെ പുറത്തിറക്കാൻ പേടിയാണ്. ആർക്കെങ്കിലും അസുഖം വന്നാൽ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും കഴിയാത്ത അവസ്ഥ. മരണമുണ്ടായാലും കല്യാണമുണ്ടായാലും നാട്ടുകാർക്ക് ഒത്തുകൂടാനുള്ള സൗകര്യം പോലുമില്ല. ഇപ്പോ അധികൃതർ പറയുന്നു, ‘കടലിങ്ങനെയാണ്, വീടൊഴിഞ്ഞുപോകണം’ എന്ന്. കടലിങ്ങനെയാണെന്ന് ഞങ്ങക്ക് അറിയാം. അതാരും പറഞ്ഞുതരേണ്ട. ഈ കടലിനെ ആശ്രയിച്ചാണ് ഞങ്ങടെ ജീവിതം. ഇവിടെത്തന്നെ ഞങ്ങൾക്ക് സമാധാനമായി ജീവിക്കാനുള്ള വഴിയുണ്ടാക്കിത്തന്നാ മതി. ഞങ്ങൾക്ക് ഉറപ്പുകിട്ടണം. അത് തരുന്നവർക്കേ വോട്ടുള്ളു.