തോപ്പുംപടി: കൊറോണക്കാലമല്ലേ, വലിയ ചെലവൊന്നുമുണ്ടാകില്ല എന്നൊക്കെയായിരുന്നു തുടക്കത്തിൽ കണക്കുകൂട്ടൽ. പക്ഷേ ആദ്യഘട്ടത്തിലെ കണക്കുകൂട്ടലുകൾ മൊത്തം പാളിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയതോടെ ചെലവിലൊന്നും കുറവില്ല. പ്രത്യേകിച്ച് പ്രചാരണത്തിന്റെ കാര്യത്തിൽ. വോട്ടുപിടിത്ത രീതിയിലും കാര്യമായ മാറ്റമൊന്നുമില്ല. ചുരുക്കിപ്പറഞ്ഞാൽ ഏറ്റവും ചെലവേറിയ തിരഞ്ഞെടുപ്പാണ് കൊറോണക്കാലത്ത് നടക്കുന്നത്. കാലം മാറിയെങ്കിലും ശീലങ്ങൾ മാറുന്നില്ല.
പോസ്റ്ററും ബോർഡും സർവത്ര
ജനം പുറത്തിറങ്ങാത്തതിനാൽ പ്രചാരണമേറെയും സാമൂഹിക മാധ്യമങ്ങൾ വഴിയല്ലേ. പോസ്റ്ററുകളും ബോർഡുകളും പഴയതുപോലെ വേണ്ടിവരില്ലെന്നാണ് രാഷ്ട്രീയക്കാർ കണക്കുകൂട്ടിയത്. പക്ഷേ, നാമനിർദേശ പത്രിക നൽകും മുമ്പേ കൊച്ചിയിൽ മിക്കയിടത്തും പോസ്റ്റർ പ്രചാരണം തുടങ്ങി. ഓരോ സ്ഥാനാർഥിയും പല വലിപ്പത്തിലുള്ള മൾട്ടി കളർ പോസ്റ്ററുകളാണ് പുറത്തിറക്കുന്നത്. ഇതു കൂടാതെയാണ് സാമൂഹിക മാധ്യമങ്ങളിലേക്കുള്ള പോസ്റ്ററുകൾ. ഇത് ഓരോ ദിവസവും മാറുന്നു. സ്ഥാനാർഥികളുടെ വേഷവും ഭാവവുമൊക്കെ മാറ്റിയാണ് ഇവിടെ പരീക്ഷണം. പലയിടത്തും ഇതൊക്കെ വാൾ പോസ്റ്ററായി ഇറക്കുന്നുമുണ്ട്. കഴിഞ്ഞ തവണ വരെ പോസ്റ്റർ ഇറക്കുന്നതിനൊക്കെ പതിവ് രീതിയുണ്ടായിരുന്നു. സ്ഥാനാർഥിയുടെ പടം െവച്ച ഒരു വലിയ പോസ്റ്റർ, ഒരു ചെറിയ പോസ്റ്റർ, പിന്നെ ചിഹ്നം കാണിച്ചുള്ള ചെറിയ പോസ്റ്റർ ഇത്രയുമാണ് ഇറക്കിയിരുന്നത്. ബോർഡുകളും ബാനറുകളും പ്രധാന കേന്ദ്രങ്ങളിൽ മാത്രം. പക്ഷേ ഇക്കുറി ഫ്ളക്സിന് വിലക്കുള്ളതിനാൽ ബോർഡുകളുടെ ധാരാളിത്തമാണ്. നല്ല നിറവും ഭംഗിയും ലഭിക്കാൻ നല്ല വിലയുള്ള മെറ്റീരിയൽ വേണം. അതുകൊണ്ട് ഒരു ബോർഡിനു തന്നെ വലിയ ചെലവാണ്. ബാനറിന്റെ കാര്യവും ഇതുതന്നെ.
ചുവരുകളിലും സ്ഥാനാർഥികളുടെ കളർ ചിത്രങ്ങൾ കോറിയുള്ള പരീക്ഷണമാണ്. ബോർഡുകളും ബാനറുകളും വലിയ ചെലവാണുണ്ടാക്കുന്നത്. മുമ്പത്തേക്കാൾ ഇരട്ടിയിലേറെ പണം ഇതിന് ചെലവാകുന്നുണ്ടത്രെ. പുറത്തിറങ്ങുന്ന വോട്ടർമാരുടെ എണ്ണം കുറവാണ്. പക്ഷേ, ഒരു സ്ഥാനാർഥി പകിട്ട് കാണിച്ചാൽ എതിരാളി വെറുതെയിരിക്കില്ലല്ലോ.
നോട്ടീസുമായി വീട് കയറ്റം
കൂട്ടംകൂടി വീടുകളിൽ കയറുന്നതിന് വിലക്കുണ്ടെങ്കിലും അതൊന്നും രാഷ്ട്രീയ പ്രവർത്തകർ കണക്കിലെടുക്കുന്നില്ല. കൊച്ചിയിൽ മിക്കയിടത്തും സ്ഥാനാർഥിക്കൊപ്പം ആൾക്കൂട്ടമുണ്ടാകും. ആള് കുറഞ്ഞാൽ ആവേശം കുറയുമെന്നാണ് പറയാറ്. അത് പ്രചാരണത്തെ ബാധിക്കും. മാത്രമല്ല, ആള് കുറയുന്നത് വിജയ സാധ്യതയ്ക്ക് തിരിച്ചടിയാകുമെന്നും പ്രവർത്തകർ കണക്കുകൂട്ടുന്നു.
അഭ്യർഥന, തിരഞ്ഞെടുപ്പ് കൺവെൻഷൻ, ബൂത്ത് കൺവെൻഷൻ, പ്രകടന പത്രിക തുടങ്ങി പരമ്പരാഗത രീതിയിലുള്ള നോട്ടീസുകളൊക്കെ ഇറങ്ങുന്നുണ്ട്. ഇത് പോരാതെ മുന്നണികൾ പല തരത്തിലുള്ള നോട്ടീസുകളും തയ്യാറാക്കുന്നു. നോട്ടീസുകളുടെ എണ്ണം കുറയില്ലെന്നു മാത്രമല്ല, കൂടാനുള്ള സാധ്യതയാണ് കാണുന്നത്. പിന്നെ സ്ലിപ്പ് വിതരണവും പതിവു പോലെയുണ്ടാകും.
മൈക്ക് പ്രചാരണം ശക്തമാകും
മൈക്ക് പ്രചാരണം ശക്തമാക്കാനുള്ള നീക്കം അണിയറയിൽ നടക്കുകയാണ്. പാരഡി പാട്ടുകളും ഒരുങ്ങുന്നു. വോട്ട് അഭ്യർഥിക്കുന്ന അനൗൺസ്‌മെന്റുകൾ പാട്ടുകളൊക്കെ ചേർത്ത് സ്റ്റുഡിയോകളിലാണ് തയ്യാറാക്കുന്നത്. മൈക്ക് പ്രചാരണം ചിലയിടത്ത് തുടങ്ങി. അടുത്ത ആഴ്ച കൂടുതൽ പ്രചാരണ വണ്ടികൾ നിരത്തിലിറങ്ങും. സ്ഥാനാർഥികളുടെ കാൽനട ജാഥകളും ഇതോടൊപ്പമുണ്ടാകും.