കൊച്ചി : യൂത്തന്മാർ ഇല്ലാതെ എന്ത് തിരഞ്ഞെടുപ്പ്. ഇത്തവണ സ്ഥാനാർത്ഥിപ്പട്ടികയിൽ തന്നെ യൂത്തന്മാരുടെ എണ്ണം കൂടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ രാഷ്ട്രീയ ചർച്ചകളും സംവാദങ്ങളും യൂത്തിനിടയിൽ ചൂടുപിടിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളിലും കൊച്ചുവർത്തമാനങ്ങളിലും രാഷ്ട്രീയം പതിവിനെക്കാൾ കൂടുതൽ തിളയ്ക്കുന്നുണ്ട്.

കൊച്ചി ക്യൂൻസ് വാക്‌വേയിൽ എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്‌ ഒത്തുകൂടിയ ഒരുകൂട്ടം ചെറുപ്പക്കാർ തങ്ങളുടെ അഭിപ്രായങ്ങളും പ്രതീക്ഷകളും ‘മാതൃഭൂമി’യോട് പങ്കുവെക്കുകയാണ്. സ്ഥാനാർത്ഥികൾ വോട്ട് തേടുമ്പോൾ യുവാക്കൾ പറയുന്നു. കൊച്ചിയിലെന്തു വേണം? സ്ഥാനാർത്ഥികളെ കുറിച്ചുള്ള പ്രതീക്ഷകളെന്തൊക്കെയാണ് ?സാമൂഹ്യ മാധ്യമങ്ങളിൽ തിരഞ്ഞെടുപ്പ് പോസ്റ്റുകളും വീഡിയോകളും വൈറൽ ആകുന്നുണ്ട്? അതിനെയെങ്ങനെ കാണുന്നു

  • റോഷ്‌നി ജോളി: എല്ലായിടത്തും മത്സരിക്കുന്നവരെ അറിയാൻ കഴിയുന്നുണ്ട്. കൊച്ചിക്കു പുറത്തുള്ളവരെയും ഇങ്ങനെ വേഗത്തിൽ തിരിച്ചറിയാനാകും.
  • അഖിൽ പ്രസാദ്: സോഷ്യൽ മീഡിയയിലെ സ്വീകാര്യതയല്ല. ജനപ്രതിനിധികളുടെ പ്രവർത്തനമാണ് മെച്ചപ്പെടേണ്ടത്. സ്വീകാര്യതയ്ക്കു പകരമായി നല്ല പ്രവർത്തനം കാഴ്ചവെക്കണം.
  • ദിയ ഫിലിപ്പ്: കൊച്ചിയെക്കുറിച്ചു പറയാൻ എല്ലാം പോസിറ്റീവാണ്. എങ്കിലും സ്ത്രീസുരക്ഷയുടെ കാര്യത്തിൽ പലയിടത്തും നമ്മൾ പരാജയപ്പെടുന്നുണ്ട്. അതിന് പരിഹാരം കാണാൻ ജനപ്രതിനിധികൾക്ക് കഴിയണം.
  • ആഗ്നൽ സെബാസ്റ്റ്യൻ : പ്രചാരണം ഓൺലൈനിലായത് നന്നായി. ജനങ്ങളുടെ സുരക്ഷയ്ക്ക് പ്രയോജനപ്പെടും. മുതിർന്നവർ ഫെയ്‌സ് ബുക്കിലും വാട്‌സാപ്പിലും ഒക്കെ നോക്കിയാണ് ഓരോ കാര്യങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതും പറയുന്നതും.
  • ഷിഫാന തസ്‌നിം: സോഷ്യൽ മീഡിയയിൽ ഹിറ്റ് ആയതുകൊണ്ട് അവർ നല്ല ജനപ്രതിനിധിയെന്നു പറയാൻ പറ്റില്ല. അവർ പ്രവർത്തിച്ചു കാണിക്കട്ടേ.നേതാവ് നല്ല നേതാവ്റോഷ്‌നി ജോളി: ജനങ്ങളെ മുൻനിരയിലേക്ക് കൊണ്ടുവരാൻ കഴിയുന്ന ആളായിരിക്കണം.
  • അഖിൽ പ്രസാദ്: പ്രവർത്തനമാണ് നല്ല നേതാവിനെയുണ്ടാക്കുന്നത്. എല്ലാ തട്ടിലുള്ളവരേയും പരിഗണിക്കാൻ ആ വ്യക്തിക്ക്‌ കഴിയണം.
  • ദിയ ഫിലിപ്പ്: നാടിന്റെ പ്രശ്നത്തിൽ സത്യസന്ധമായി ഇടപെടുന്ന ഒരാൾ വേണം ജയിച്ച്‌ മുന്നോട്ടു വരേണ്ടത്.
  • ആഗ്നൽ സെബാസ്റ്റ്യൻ: പ്രതിസന്ധിഘട്ടത്തിൽ ശരിയായ തീരുമാനമെടുക്കാൻ പ്രാപ്തിയുള്ളയാളാകണം.