ആലുവ : ആവോളം പ്രകൃതിഭംഗി ആസ്വദിക്കാം... ഒപ്പം പ്രഭാതനടത്തവുമായി. റോഡാണെങ്കിൽ ഒന്നാന്തരം, വാഹനങ്ങളും കുറവ്... പതിവു നടപ്പുകാരുടെ ഇഷ്ടയിടമായിരിക്കുകയാണ് കീഴ്‌മാട് പഞ്ചായത്തിലെ തുമ്പിച്ചാൽ റോഡ്. പ്രകൃതിഭംഗിയേറിയ തുമ്പിച്ചാൽ ജലസംഭരണിയുടെയും പാടശേഖരത്തിന്റെയും നടുവിലൂടെയാണ് റോഡ് കടന്നുപോകുന്നത്. ഒട്ടേറെപ്പേരാണ് ഇവിടെ പ്രഭാതഘസവാരിക്കായി എത്തുന്നത്.

തുമ്പിച്ചാൽവഴി കടന്നുപോകുന്ന കുട്ടമശ്ശേരി-തടിയിട്ടപറമ്പ് റോഡ് അടുത്തിടെ ഉന്നത നിലവാരത്തിൽ റബ്ബറൈസ്ഡ് ടാറിങ് നടത്തിയിരുന്നു. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരവധി ആളുകൾ ഇവിടെ നടക്കാൻ എത്തുന്നുണ്ട്. സെക്ലിങ്ങിനായും നിരവധിപേർ വരുന്നു. സായാഹ്നം ആസ്വദിക്കാനും നിരവധിപേർ റോഡരികിൽ എത്തുന്നുണ്ട്.

ആലുവ എം.എൽ.എ. അൻവർ സാദത്ത് എം.എൽ.എ. ഫണ്ടിൽനിന്ന്‌ അനുവദിച്ച 1.75 കോടി രൂപ ഉപയോഗിച്ചാണ് റോഡ് ഉന്നത നിലവാരത്തിൽ പണിതിട്ടുള്ളത്.

പത്തേക്കറോളം വരുന്ന തുമ്പിച്ചാൽ ജലസംഭരണി കാടുകയറിയ നിലയിലാണ് ഇപ്പോഴുള്ളത്. തുമ്പിച്ചാൽ സംരക്ഷിക്കാൻ ത്രിതല പഞ്ചായത്ത് ഭരണസമിതികൾ മുന്നോട്ടു വരണമെന്നും പുതുതായി വരുന്ന ഭരണസമിതികൾ ഈ വിഷയത്തിന് മുൻതൂക്കം നൽകണമെന്നും പ്രഭാതസവാരിക്ക്‌ എത്തുന്നവർ ആവശ്യപ്പെടുന്നു.