അരൂർ : അരൂർ പഞ്ചായത്ത് 14-ാം വാർഡിൽ പതിറ്റാണ്ടുകളായി താമസിക്കുന്ന ഇരുപതിലേറെ കുടുംബങ്ങൾക്ക് ഇനിയും പട്ടയം കിട്ടിയിട്ടില്ല. കൈവശാവകാശ രേഖയുടെ പിൻബലത്തിൽ വെള്ളവും വെളിച്ചവും സംഘടിപ്പിച്ച് ജീവിക്കുന്ന ഇവർ വർഷങ്ങളായി പട്ടയത്തിന് നെട്ടോട്ടമോടുകയാണ്.

കഴിഞ്ഞ ദിവസവും ഇവരുടെ അപേക്ഷയ്ക്ക് മറുപടിയെത്തി. പട്ടയം നൽകാനുള്ള നിർവാഹമില്ലെന്നും തീരദേശഭൂമിയാണെന്നുമാണ് അധികൃതർ പറയുന്നത്. 1950 മുതലാണ് കർഷകത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും അടങ്ങുന്ന കുടുംബങ്ങൾ വെളുത്തുള്ളി വേലപരവ കോളനിക്ക് സമീപം താമസം തുടങ്ങിയത്. 1967-ൽ വെളുത്തുള്ളി കായൽ പതിച്ചുനൽകി.

അന്നും തീരദേശവാസികളെ പരിഗണിച്ചില്ലെന്നാണ് ഇവരുടെ പരാതി. 1983-ൽ 50 സെന്റ്‌ വീതം 40 പേർക്കായി പതിച്ചുകൊടുത്തിട്ടും ഇവരുടെ അപേക്ഷ പരിഗണിച്ചില്ല.

പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പേ തങ്ങളുടെ സങ്കടത്തിന് പരിഹാരമുണ്ടാക്കണമെന്നാണ് കർഷകത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും ആവശ്യപ്പെടുന്നത്.