കാക്കനാട് : വനിതാ കമ്മിഷൻ മെഗാ അദാലത്തിൽ 23 പരാതികളിൽ തീർപ്പുകൽപ്പിച്ചു. ജില്ലയിൽനിന്ന് ലഭിച്ച 84 പരാതികളാണ് കാക്കനാട് ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന അദാലത്തിൽ പരിഗണിച്ചത്. എട്ടു കേസുകൾ വിവര ശേഖരണത്തിനായി വിവിധ വകുപ്പുകൾക്ക് കൈമാറി. 54 കേസുകൾ അടുത്ത അദാലത്തിലേക്ക് മാറ്റി.
കന്യാസ്ത്രീകൾ അടക്കമുള്ള സ്ത്രീകളെ ഓൺലൈൻ ചാനലുകൾ വഴി അപമാനിക്കുന്നതായി കമ്മിഷന് പരാതി ലഭിച്ചിട്ടുണ്ട്. സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യത്തിലേക്കും സ്വകാര്യതയിലേക്കും കടന്നുകയറുന്ന പരാമർശങ്ങൾ ഒഴിവാക്കണം. ഇത്തരം പ്രവണതകൾ തടയാൻ കേന്ദ്ര നിയമം വരണം. നിലവിലെ നിയമങ്ങൾക്ക് പല്ലും നഖവും ഇല്ലെന്നും വനിതാ കമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈൻ പറഞ്ഞു.
കമ്മിഷൻ അംഗങ്ങളായ അഡ്വ. എം.എസ്. താര, അഡ്വ. ഷിജി ശിവജി, അഡ്വ. ഷാഹിദ കമാൽ എന്നിവരാണ് പരാതികൾ കേട്ടത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് അദാലത്ത് സംഘടിപ്പിച്ചത്.