കൊച്ചി: നഗര ഗതാഗതത്തിന്റെ രൂപം മാറുന്നതിന്റെ ഭാഗമായാണ് ‘സൈക്കിൾ ട്രാക്ക്’ വന്നത്. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡാണ് റോഡ് വികസനത്തിന്റെ ഭാഗമായി ട്രാക്ക് നിർമിച്ചത്.

ഷൺമുഖം റോഡ്, എബ്രഹാം മാടമാക്കൽ റോഡ്, പാർക്ക് അവന്യൂ റോഡ് എന്നിവിടങ്ങളിലെല്ലാം സൈക്കിൾ ട്രാക്ക് ഉണ്ടെന്നാണ്‌ പറയുന്നത്. എന്നാൽ ഇതിന്റെ ഉപയോഗം സൈക്കിൾ യാത്രക്കാർക്കു ലഭിക്കുന്നില്ലെന്നുമാത്രം.

സി.എം.എഫ്.ആർ.ഐ.യുടെ മുന്നിൽ സൈക്കിൾ ട്രാക്കിൽ സ്വകാര്യ ബസുകൾ പാർക്ക് ചെയ്തിരിക്കുകയാണ്. മറ്റിടങ്ങളിൽ കാറുകളുടെ പാർക്കിങ്ങാണ്. ഷൺമുഖം റോഡിൽ മീഡിയനോടു ചേർന്നു പോകുന്ന സൈക്കിൾ ട്രാക്ക്, പാർക്ക് അവന്യൂ റോഡിലേക്ക്‌ കടക്കുന്നതോടെ റോഡിന്റെ അരികിലേക്കാകും.

റോഡിന്റെ സൈഡിൽ സൈക്കിൾ ട്രാക്ക് ആണെന്നു കാണിക്കാനുള്ള നിർദേശങ്ങൾ വെച്ചിട്ടുണ്ട്. എന്നാൽ, ഇവിടെ കോർപ്പറേഷൻ ഓഫീസിനു മുന്നിൽ ട്രാക്കിൽ മുഴുവൻ ഇരുചക്ര വാഹനങ്ങളുടെ പാർക്കിങ്ങാണ്. മഹാരാജാസ് കോളേജിന്‌ മുന്നിലുള്ള വശം കാറുകളും കൈയടക്കിയിരിക്കുന്നു. ഇതുവഴി വരുന്ന സൈക്കിൾ യാത്രികരെല്ലാം നിലവിൽ റോഡിലൂടെയാണ് സൈക്കിൾ ചവിട്ടുന്നത്. രണ്ട് മീറ്ററിലേറെ ദൂരം സൈക്കിൾ ട്രാക്കിനായി മാറ്റിവെച്ചപ്പോൾ പാർക്കിങ്ങിന്‌ വേണ്ടിയുള്ള ഇടമായാണ് പലരും കരുതുന്നത്. നിലവിൽ റോഡിന്റെ വീതി കുറഞ്ഞു എന്നല്ലാതെ ഒരു മാറ്റവും നഗരത്തിൽ കാണാനില്ല.

ട്രാഫിക്‌ സംസ്കാരം മാറണ്ടേ?

നിലവിൽ വാഹനയാത്രികരുടെ ട്രാഫിക്‌ സംസ്കാരത്തിൽ മാറ്റം വന്നിട്ടില്ല. ഇതിൽ മാറ്റം വന്നാലേ സൈക്കിൾ ട്രാക്കിന്റെ ഉപയോഗം ലഭിക്കൂ. ഇതിനായി ബോധവത്കരണം നടത്തണം. അതോടൊപ്പം, സൈക്കിൾ ട്രാക്കിൽ വാഹനം പാർക്ക് ചെയ്യുന്നവർക്കെതിരേ കർശന നടപടിയും ഉണ്ടാകണം. സൈക്കിൾ ട്രാക്ക് ഉപയോഗപ്പെടുത്തിയുള്ള റേസുകളും മറ്റും സൈക്കിൾ ക്ലബ്ബുകളുമായി ചേർന്ന് നടത്തിയാൽ ആളുകളിൽ അവബോധം ഉണ്ടാക്കാൻ സാധിക്കുമെന്നാണ് സൈക്കിൾ യാത്രക്കാർ പറയുന്നത്.

എവിടെ വേണം ട്രാക്ക്?

ഷൺമുഖം റോഡിലെ മീഡിയനോട്‌ ചേർന്നുള്ള സൈക്കിൾ ട്രാക്ക് യാത്രയ്ക്ക്‌ അനുയോജ്യമല്ലെന്നാണ് സൈക്കിൾ യാത്രക്കാർ പറയുന്നത്. വാഹനങ്ങൾക്കിടയിലൂടെ സൈക്കിൾ ഓടിക്കേണ്ട സ്ഥിതിയാകും ഇവിടെയുണ്ടാകുക. ഇത് അപകടത്തിനിടയാക്കും. വിദേശ രാജ്യങ്ങളിൽ മീഡിയനുകളിലോ, അതല്ലെങ്കിൽ നടപ്പാത പണിയുമ്പോൾ അതിനൊപ്പമോ ആണ് ട്രാക്ക് നിർമിക്കുക. അത് സുരക്ഷിതവും മറ്റുള്ളവർ കൈയേറാത്തതുമാണ്.

മീഡിയനോടു ചേർന്ന് ഷൺമുഖം റോഡിലെ സൈക്കിൾ ട്രാക്കിന്റെ ആശയം കൊള്ളാം. പക്ഷേ, റോഡിനെയും സൈക്കിൾ ട്രാക്കിനെയും വേർതിരിക്കണമെന്ന്‌ ‘പെഡൽ ഫോഴ്‌സ്’ ഫൗണ്ടർ ചെയർമാൻ ജോബി രാജു പറഞ്ഞു. ഈ ഭാഗം വാഹനങ്ങളുടെ സ്പീഡ് ട്രാക്കാണ്. ഇതിനാൽ വേർതിരിച്ചില്ലെങ്കിൽ അപകടം വരുത്താൻ സാധ്യതയുണ്ടെന്നാണ് ജോബി പറയുന്നത്.

സ്വപ്ന ട്രാക്ക്

വൈറ്റില മുതൽ ഇടപ്പള്ളി വരെയുള്ള ദേശീയപാതയിൽ നല്ല വീതിയേറിയ മീഡിയനുകളുണ്ട്. ഏറ്റവും തിരക്കേറിയ മേഖലയിൽ ഒരു സൈക്കിൾ ട്രാക്ക് ഉണ്ടാകണമെന്നാണ്‌ സൈക്കിൾ യാത്രക്കാരുടെ സ്വപ്നം. കഴിഞ്ഞ രണ്ടു വർഷമായി ഇത് ആവശ്യപ്പെടുന്നുണ്ടെന്ന് ജോബി രാജു പറഞ്ഞു. നഗരത്തിൽ സൗകര്യമേറിയ സെക്കിൾ ട്രാക്ക് കൊണ്ടുവരാൻ സാധ്യതയുള്ള മറ്റൊരു പ്രദേശം വേറെയില്ലെന്നും ജോബി കൂട്ടിച്ചേർത്തു.