: അലസമനോഹരിയായ കഫ്താൻ സുന്ദരിയെ കണ്ടിട്ടില്ലേ...? ബോളിവുഡ് താരങ്ങളും സോഷ്യൽ മീഡിയയും ഏറ്റെടുത്ത പേർഷ്യൻ വസ്ത്രമാണിത്. ഗർഭിണിയായിരിക്കെ കരീന കപൂറിന്റെ മെറ്റേണിറ്റി വെയറുകളിലെ ‘കഫ്‌താൻ’ സീരീസ് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

കോവിഡ് കാലം ഹിറ്റ്‌ലിസ്റ്റിലെത്തിച്ച ഈ വസ്ത്രത്തിന്റെ പ്രത്യേകത വീട്ടിലും പുറത്തും ഒരുപോലെ ധരിക്കാൻ കഴിയുമെന്നതാണ്. അതുപോലെതന്നെ പല രീതിയിൽ സ്റ്റൈൽ ചെയ്തെടുക്കാനും കഴിയും. ഫ്രീ സൈസ് ആണെന്നതാണ് മറ്റൊരു പ്രത്യേകത. നീളം കുറഞ്ഞും കൂടിയുമെല്ലാം പല മോഡലുകളിൽ കഫ്താൻ ലഭ്യമാണ്.

ജീൻസിനൊപ്പവും സ്കർട്ടിനൊപ്പവും പല തരത്തിലും രീതിയിലും കഫ്താൻ സ്റ്റൈൽ ചെയ്‌തെടുക്കാം. ഡിജിറ്റൽ പ്രിന്റുകളിലും ഹാൻഡ് എംബ്രോയ്ഡറിയിലും ബീഡ്‌സ് വർക്കിലും കഫ്താൻ ലഭ്യമാണ്. ബോഡ് ഫിറ്റ് ഡ്രസുകളിൽ നിന്ന്‌ അയഞ്ഞ വസ്ത്രങ്ങളിലേക്ക് മാറിയ ഫാഷൻപ്രേമികളാണ് കഫ്താൻ വസ്ത്രത്തെ ജനകീയമാക്കിയത്.

ലോങ് കഫ്താന് 650 രൂപ മുതൽ 850 രൂപ വരെയാണ് വില. നീളം കുറഞ്ഞ കഫ്താന് 350 രൂപ മുതൽ 400 രൂപ വരെയും. അയഞ്ഞ വസ്ത്രമായതിനാൽ എല്ലാത്തരം ശരീരപ്രകൃതിക്കാർക്കും അനുയോജ്യമാണിത്. കുട്ടി കഫ്താനും ആവശ്യക്കാരാറെയുണ്ട്. തുണിയിലെ വലിയ പ്രിന്റുകളും ഡിസൈനുകളും ഹൈലൈറ്റ് ചെയ്തിരിക്കും. ഹാൻഡ് എംബ്രോയ്‌ഡറിയും ബീഡ്‌സ് വർക്കും ചെയ്തെടുത്താൽ കഫ്താന്‌ പാർട്ടി വെയർ ലുക്കും കൈവരും.

കൂടെ ഉപയോഗിക്കുന്ന അക്സസറീസുകളിലും കഫ്താനെ ഹോട്ട് ആൻഡ് ട്രെൻഡിയാക്കും. ലെതൽ ബെൽറ്റുകളും മിനിമൽ ലുക്കുമാണ് കഫ്താന് യോജിച്ചത്. ഗർഭകാല ഫാഷൻ ട്രെൻഡുകളിലും കഫ്താൻ പിടിച്ചുപറ്റിയ സ്ഥാനം ചെറുതല്ല.

തുന്നാം ഒരു കഫ്താൻ

നീളം കൂടിയ കഫ്താനാണ് വിപണിയിൽ പ്രിയം. ഇത് എളുപ്പത്തിൽ തയ്‌ച്ചെടുക്കാം. നീളത്തിൽ ഡിജിറ്റൽ പ്രിന്റുകളോ ഡിസൈനുകളോ ഉള്ള തുണി രണ്ടായി മടക്കി, ഇഷ്ടമുള്ള കഴുത്ത് വെട്ടിയ ശേഷം കൈക്കുഴി മുതൽ സ്ലിറ്റ് ഭാഗം വരെ തയ്ച്ചിട്ടാൽ കഫ്താൻ റെഡിയാകും. ആവശ്യമായ വേണ്ട വണ്ണത്തിന്റെ ഇരട്ടി വണ്ണമെടുത്താൽ മതി. ഇത്രയും എളുപ്പത്തിൽ മറ്റൊരു വസ്ത്രം തുന്നിയെടുക്കാൻ കഴിയില്ല. അരികിൽ ലെയ്‌സോ മുത്തുകളോ വച്ചുപിടിപ്പിച്ചും കഫ്താൻ സ്റ്റൈലാക്കി മാറ്റാം. നൈലോൺ, സോഫ്റ്റ്‌ കോട്ടൺ തുടങ്ങിയ തുണിത്തരങ്ങളിലാണ് കഫ്താൻ കൂടുതലും ലഭ്യമാകുന്നത്.