: ആ പഴയ മോഡൽ ഫോർഡ് കാർ, പതിയെ വെണ്ടുരുത്തി പാലത്തിന്‌ മുകളിലേക്ക്‌ പ്രവേശിച്ചു. ‘സി.എസ്. 16’ എന്ന നമ്പർ വെയിലിൽ തിളങ്ങി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് എം.എസ്. മേനോന്റെ കാറായിരുന്നു അത്. മുൻസീറ്റിലിരുന്ന ബ്രിട്ടീഷുകാരൻ പെട്ടെന്ന്‌ പറഞ്ഞു: “മിസ്റ്റർ നാരായണൻ പ്ലീസ് സ്റ്റോപ്പ് ദ കാർ”. ഡ്രൈവർ നാരായണൻ ഞെട്ടലോടെ വണ്ടി നിർത്തി.

ബ്രിട്ടീഷുകാരൻ പുറത്തിറങ്ങി, ഒപ്പം ചീഫ് ജസ്റ്റിസും ബ്രിട്ടീഷുകാരന്റെ ഭാര്യയും. അയാൾ പാലത്തെ ആകെയൊന്നു നോക്കി. ഡ്രൈവർ നാരായണന്റെ കൈപിടിച്ചു കുലുക്കിക്കൊണ്ട് പറഞ്ഞു: “നമ്മൾ രണ്ടുപേരും തൊഴിലാളികളാണ്. ഈ പാലത്തിന് നല്ലൊരു ഭാവിയുണ്ടാകട്ടെ എന്ന് ആശംസിക്കാം.” നാരായണന്റെ കണ്ണുകൾ നിറഞ്ഞു.

കൊച്ചി തുറമുഖത്തിന്റെ ‘അച്ഛ’നായ സർ റോബർട്ട് ചാൾസ് ബ്രിസ്റ്റോ ആയിരുന്നു ആ ബ്രിട്ടിഷുകാരൻ. നാട്ടുകാർ സ്നേഹപൂർവം ‘ഹാർബർ അമ്മായി’ എന്നു വിളിച്ചിരുന്ന ബ്രിസ്റ്റോയുടെ ഭാര്യ ജെട്ര്യൂഡ് അതു കണ്ട്‌ നിറഞ്ഞ ചിരിയുമായി നിന്നു. ആ നാലു പേരായിരുന്നു 1939-ൽ പൂർത്തിയായ വെണ്ടുരുത്തി പാലത്തിലെ ആദ്യ യാത്രക്കാർ.

*******

കപ്പലുകൾക്ക്‌ കൊച്ചിയെ തൊടാനാകാത്തൊരു കാലമുണ്ടായിരുന്നു. കടലിനും കായലിനും ഇടയിൽ അഴിമുഖത്തൊരു ‘മണൽക്കോട്ട’. പാറയും മണലും ചെളിയുമെല്ലാം ചേർന്ന്‌ കാലങ്ങൾകൊണ്ട്‌ ഉറച്ചുപോയ കൊച്ചിയുടെ ‘കടൽഭിത്തി’. 12,000 അടി നീളം, 400 അടി വീതി, 32 അടി താഴ്ച... അതായിരുന്നു ആ കടൽഭിത്തിയുടെ അഴകളവുകൾ! ചരക്കുകളുമായെത്തുന്ന കപ്പലുകൾ പുറംകടലിൽ നങ്കൂരമിടും. തോണികളിലാണ് ആ ചരക്കുകൾ തീരത്തെത്തിച്ചിരുന്നത്.

ബ്രിട്ടീഷ് ഇന്ത്യയിലെ വൈസ്രോയിയായിരുന്ന ലോർഡ് വില്ലിങ്ടൺ, അക്കാലത്ത് മദ്രാസ് ഗവർണറായിരുന്നു. അദ്ദേഹത്തിനായിരുന്നു കൊച്ചിയെ ലോകമറിയുന്ന തുറമുഖമാക്കി മാറ്റാൻ ഉത്സാഹം. മികച്ച എൻജിനീയർ എന്നു പേരെടുത്ത റോബർട്ട് ബ്രിസ്റ്റോയെ 1920-ന്റെ തുടക്കത്തിൽ തുറമുഖ ജോലിക്കായി നിയോഗിച്ചു. ‌

ലോർഡ് വില്ലിങ്ടണുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ബ്രിസ്റ്റോ കുറിച്ചതിങ്ങനെ: “ഞങ്ങൾ യാത്രയും ക്രിക്കറ്റും ലണ്ടനിലെ എന്റെ ജോലിയുമെല്ലാമാണ് ആദ്യം സംസാരിച്ചത്. മലബാർ തീരത്തുള്ള കൊച്ചിയെ നല്ലൊരു ഹാർബർ ആക്കുകയാണ് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു”. കൊച്ചിയെക്കുറിച്ച് വില്ലിങ്ഡൺ പ്രഭു, ബ്രിസ്റ്റോയോട് പറഞ്ഞത്‌ ‘വിസ്മയം ജനിപ്പിക്കുന്ന നാട്‌’ എന്നായിരുന്നു.

1920 ഏപ്രിൽ 13

എറണാകുളം ടെർമിനസ് റെയിൽവേ സ്റ്റേഷനിലെത്തിയ തീവണ്ടിയിൽനിന്ന്‌ തൂവെള്ള കോട്ടും വട്ടത്തൊപ്പിയുമായൊരു 39-കാരൻ ഇറങ്ങി... റോബർട്ട് ബ്രിസ്റ്റോ. തൊട്ടപ്പുറത്ത്‌ കായലിൽ ബ്രിസ്റ്റോയെ കാത്ത്‌ ‘വാസ്‌കോ’ എന്ന ചെറു ബോട്ടും. അതിൽ താമസസ്ഥലത്തേക്ക്‌ തിരിച്ചു. പിറ്റേന്ന്‌ വാസ്‌കോയിൽ കയറി അഴിമുഖത്തേക്ക്‌ പോയി. ജലപ്പരപ്പിൽ ഏഴെട്ടടി ഉയരത്തിൽ നിൽക്കുന്ന മണൽക്കോട്ടയ്ക്കു മുന്നിൽ വാസ്‌കോ നിന്നു.

പിന്നെ പഠനം തുടങ്ങി... പോകെ പോകെ തിരിച്ചറിഞ്ഞു, മണ്ണുമാന്തി കപ്പലില്ലാതെ മുന്നോട്ടു പോകാനാകില്ല... കൊച്ചിക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത മണ്ണുമാന്തി വേണം. ഇംഗ്ലണ്ടിലെ സൈമൺ കമ്പനി നിർമിച്ച മണ്ണുമാന്തി 1926 മേയിൽ കൊച്ചിതീരം തൊട്ടു. ആ കപ്പലിനെ ബ്രിസ്റ്റോ വിളിച്ചു, ‘ലോർഡ് വില്ലിങ്ടൺ

രണ്ടു കൊല്ലം ലോർഡ് വില്ലിങ്ടൺ കൈ-മെയ് മറന്ന്‌ പണിയെടുത്തു. 1928 മാർച്ച് 30-നു ഉച്ചയ്ക്ക്‌ മണൽക്കോട്ട വില്ലിങ്ടണിന്റെ ഇരുമ്പുതൊട്ടികൾ മുറിച്ചെറിഞ്ഞു.

ആ സമയത്തെക്കുറിച്ച് ബ്രിസ്റ്റോ കുറിച്ചു: “പണി പൂർത്തിയാകുന്നതു കാണാൻ ഞങ്ങളെല്ലാം കപ്പലിൽ കയറി. അവസാന മൺതിട്ടയും വെട്ടിമാറ്റിയതോടെ വിചിത്രമായൊരു കാഴ്ചയുണ്ടായി... അതുവരെ മേഘങ്ങൾക്കു പിന്നിലൊളിച്ചിരുന്ന സൂര്യൻ പെട്ടെന്നു പ്രകാശം ചൊരിഞ്ഞു, മഴവില്ലിന്റെ ഭംഗിയുള്ള വലയം തെളിഞ്ഞു... ജോലിക്കാരും ഞാനും അത്ഭുതത്തോടെ നിന്നു.”

തുറമുഖത്തിന്റെ ഉൾപ്രദേശത്തിന്‌ ആഴം കൂട്ടാനാണ് ബ്രിസ്റ്റോ പിന്നെ ശ്രമിച്ചത്. ഏതാണ്ട് 129 ഏക്കർ ചെളിയും മണ്ണുമെടുത്തു. ആ മണ്ണും കക്കത്തോടും കുന്നുകൂടി വില്ലിങ്ടൺ ദ്വീപ് ജനിച്ചു. ദ്വീപിൽ ആദ്യം ഉയർന്നത് ബ്രിസ്റ്റോയുടെ വീടും ഓഫീസുമാണ്. മുകളിലെ നിലയിൽ താമസവും താഴെ ഓഫീസും. ദ്വീപിനെ പുറംലോകവുമായി ബന്ധിപ്പിക്കാൻ ബ്രിസ്റ്റോ പണിതതാണ് ‘വെണ്ടുരുത്തി’ പാലം... പൂർണമായും ഉരുക്കിൽ തീർത്ത ഇന്ത്യയിലെ ആദ്യ പാലം.

തുറമുഖത്തേക്ക്‌ കപ്പലുകൾക്ക് പ്രവേശിക്കാൻ പാലത്തിന്റെ മധ്യഭാഗം ഉയർത്താവുന്ന രീതിയിലായിരുന്നു തോപ്പുംപടിയിലെ ഹാർബർ പാലത്തിന്റെ നിർമാണം. കൊച്ചി രാജാവിന്റെ ആനകളെ കൂട്ടമായി പാലത്തിലൂടെ നടത്തിച്ചാണ് ബ്രിസ്റ്റോ, പാലത്തിന്റെ ബലം നാട്ടുകാർക്ക്‌ കാണിച്ചുകൊടുത്തത്. കൊച്ചിയിലേക്ക്‌ തെക്കൻ കേരളത്തെ ബന്ധിപ്പിച്ച രണ്ടു പാലങ്ങൾ ബ്രിസ്റ്റോയുടെ വൈദഗ്ധ്യത്തിൽ തലയുയർത്തി.

പൂർവദേശത്തെ ഹാർബർ

“കടലിന്നടിയിൽനിന്ന്‌ ഞാൻ ഉയർത്തിയെടുത്ത ഒരു ദ്വീപിലാണ് എന്റെ താമസം. വീടിന്റെ മുകൾത്തട്ടിൽനിന്നു നോക്കിയാൽ കാണുന്നതാണ് പൂർവദേശത്തെ ഏറ്റവും നല്ല ഹാർബർ” -1935 ഓഗസ്റ്റ് 11-ന് ബി.ബി.സി. റേഡിയോയിലൂടെ ബ്രിസ്റ്റോയുടെ ശബ്ദം ഒഴുകി. ‘കൊച്ചി’ എന്ന തുറമുഖനഗരത്തിന്റെ ജന്മസന്ദേശം. ലോകമറിയുന്ന വലിയ തുറമുഖമായി കൊച്ചി മാറി. ആറു വർഷത്തിനുശേഷം 1941 ഏപ്രിൽ 13-ന് ബ്രിസ്റ്റോ കൊച്ചിയിലെ ജോലിയിൽനിന്ന്‌ വിരമിച്ചു. ബ്രിട്ടനിലെ വാർവിക്കിലേക്ക്‌ മടങ്ങി.

കൊച്ചി തുറമുഖത്തിന്റെ ഹാർബർ മാസ്റ്ററായിരുന്ന എം.വി.കെ. മേനോൻ വർഷങ്ങൾക്കു ശേഷം ബ്രിസ്റ്റോയെ ക്ഷണിച്ചുകൊണ്ട്‌ കത്തെഴുതി. മറുപടിക്കത്ത് ഇങ്ങനെ: “ഞാൻ സന്തോഷപൂർവം വരുമായിരുന്നു. അത്രയും ആനന്ദം തരുന്നതാണ് കൊച്ചി എന്നു കേൾക്കുന്നതു പോലും. നിർഭാഗ്യവശാൽ ഇപ്പോൾ വരവ് അസാധ്യമാണ്. പഴയ ലോർഡ് വില്ലിങ്ടണിൽ, ആ കപ്പലിൽ ഒരിക്കൽക്കൂടി കയറാൻ കൊതിയുണ്ട്. അതിലെ മിടുക്കൻമാരായ ജോലിക്കാരെ സ്നേഹപൂർവം ഓർക്കുന്നു.”

ബ്രിസ്റ്റോ ഏറെ സ്നേഹിച്ച ലോർഡ് വില്ലിങ്ടൺ ആ സമയം മുങ്ങിത്താഴുകയായിരുന്നു. ആ മണ്ണുമാന്തിക്കപ്പൽ അഴിമുഖത്തു നിന്ന്‌ മൂന്നു മൈൽ അകലെ കടലിന്റെ അടിത്തട്ടിൽ അന്ത്യവിശ്രമം കൊണ്ടു. കുറേക്കാലം അതിന്റെ പുകക്കുഴലിന്റെ അറ്റം ജലനിരപ്പിനു മീതെ ഉയർന്നു നിന്നിരുന്നു, കൊച്ചി തീരത്തോട് വിടപറയാൻ മടിക്കുന്നതു പോലെ.

ചരിത്രസ്മാരകമായി മാറേണ്ട ബ്രിസ്റ്റോയുടെ വെണ്ടുരുത്തിയിലെ റെയിൽപ്പാലം മൂന്നു വർഷം മുമ്പ്‌ ആക്രിവിലയ്ക്ക്‌ വിറ്റുതുലച്ചു.