: “ഒരേ പകൽ ഒരേ ഇരുൾ

അതേ വെയിൽ അതേ നിഴൽ

ഏതോ കാലം ദൂരേ തേടുന്നു

തീരാതീ ജന്മം നീളുന്നു...”

-‘ദൃശ്യം 2’ സിനിമയിലെ സൂപ്പർ ഹിറ്റ് ഗാനം പ്രേക്ഷകരുടെ കാതിൽ തേന്മഴ പോലെ പെയ്തിറക്കിയ സന്തോഷത്തിലാണ് സോനോബിയ സഫർ. പാട്ടിന്റെ സന്തോഷം അവർ സിറാജ് കാസിമുമായി പങ്കുവെക്കുന്നു.

? ഈ ഹിറ്റ് ഗാനത്തിന്റെ ഭാഗമായ അനുഭവം

കൊച്ചിയിലെ സ്റ്റുഡിയോയിൽ ഞാൻ ഒരു പകലും രാത്രിയും പാടിയിട്ടും ശരിയാകാത്ത പാട്ടാണത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ പിറ്റേന്നു പുലർച്ചെയാണ് പാട്ട് ഓക്കെയായത്. ഇപ്പോൾ എന്റെ സ്വരം പ്രേക്ഷകർ ഏറ്റെടുത്തെന്ന വലിയൊരു സ്വപ്നത്തിന്റെ അതിരറ്റ ആഹ്ലാദത്തിലാണ് ഞാൻ. ഏറ്റവും വലിയ അംഗീകാരവും സന്തോഷവുമാണ് ഈ ഗാനം.

? തിരുവനന്തപുരം ടെക്‌നോപാർക്കിൽ ജോലി ചെയ്തിരുന്ന സോനോബിയ പാട്ടിന്റെ ലോകത്തെത്തിയത് എങ്ങനെയാണ്

ഗൾഫിൽ ജനിച്ചുവളർന്ന ഞാൻ പ്ലസ് ടു സമയത്താണ്‌ കേരളത്തിലേക്കു വരുന്നത്. കോഴിക്കോടുനിന്ന് ബി.ടെക്കും ഇന്ദോറിൽനിന്ന്‌ എം.ബി.എ.യും കഴിഞ്ഞു. ടെക്‌നോപാർക്കിൽ ജോലി ചെയ്യുമ്പോൾ, പാർട്ട് ടൈമായി വോയ്‌സ് ഓവർ ചെയ്യാൻ തുടങ്ങി. സംഗീതത്തിലും വോയ്‌സ് ഓവറിലും കൂടുതൽ ശ്രദ്ധിക്കാൻ വേണ്ടി ഞാൻ ജോലി രാജിവെച്ചു. കുറച്ചു പരസ്യങ്ങളും ജിംഗിളുകളും ചെയ്തു. ആയിടയ്ക്കാണ്‌ സംഗീത സംവിധായകൻ അനിൽ ജോൺസണിന്റെ നമ്പർ കിട്ടിയത്. വെറുതെ വിളിച്ചു നോക്കി. പക്ഷേ, രണ്ടാഴ്ച കഴിഞ്ഞ് അദ്ദേഹം തിരിച്ചു വിളിച്ച് ഒരു ബിഗ് ബജറ്റ് സിനിമയുടെ ഭാഗമാകാനുണ്ടോയെന്ന്‌ ചോദിച്ചപ്പോൾ ഞെട്ടിപ്പോയി.

? റെക്കോഡിങ് ദിനങ്ങളിലെ മറക്കാനാവാത്ത അനുഭവങ്ങൾ

‘ക്വീൻ’ അടക്കമുള്ള സിനിമകളിൽ മുമ്പു പാടിയിട്ടുണ്ടെങ്കിലും ഒരേ പകൽ പാടാൻ കൊച്ചിയിലെത്തിയപ്പോൾ ഞാൻ വലിയ ടെൻഷനിലായി. വിചാരിച്ചത്ര എളുപ്പമായിരുന്നില്ല റെക്കോഡിങ്. പലതവണ പാടിയിട്ടും ശരിയാകാതെ വന്നതോടെ ടെൻഷൻ കൂടി. സംവിധായകൻ ജീത്തു ജോസഫ് എന്റെ സ്വരം നല്ലതാണെന്നും എത്ര ദിവസം എടുത്തിട്ടായാലും പാട്ടു പാടിയിട്ടേ ഇവിടെ നിന്നു പോകാവൂയെന്നും പറഞ്ഞതോടെ ഞാൻ എന്തു ചെയ്യണമെന്നറിയാത്ത സ്ഥിതിയിലായി. ആ പകലും രാത്രിയും പിന്നിട്ടിട്ടും പാട്ടു മാത്രം ശരിയായില്ല. ഒടുവിൽ പിറ്റേന്നു വെളുപ്പിന് എടുത്ത ടേക്കാണ് ശരിയായത്. ആ രാത്രിയിൽ ഞാൻ ഉറങ്ങിയിട്ടുപോലുമില്ല. ആ രാത്രിയിൽ ഉറങ്ങാതെ എനിക്കുവേണ്ടി ക്ഷമയോടെ വീണ്ടും വീണ്ടും പാടിച്ച അനിലേട്ടനേയും ഒരിക്കലും മറക്കാനാകില്ല.

? വളരെ പ്രത്യേകതകളുള്ള പേരാണ് താങ്കളുടേത്. എന്താണതിനർഥം

തിരുവനന്തപുരം സ്വദേശി ഡോ. സഫറുള്ളയുടേയും സുരയ്യയുടേയും മകളാണ്‌ ഞാൻ. അമ്മൂമ്മയാണ് ഈ പേരിട്ടത്. സിറിയയിലെ രാഞ്ജിയായിരുന്നു സോനോബിയ സഫർ. ഡാഡിയുടെ പേര് സഫറുള്ള എന്നായതുകൊണ്ട് സോനോബിയ സഫറിനേക്കാൾ യോജിക്കുന്ന മറ്റൊരു പേരില്ലെന്നു അമ്മൂമ്മ പറഞ്ഞു. ഇപ്പോൾ ഈ പേരിലെ വ്യത്യസ്തതയും എന്റെ പാട്ട് ശ്രദ്ധിക്കപ്പെടാൻ സഹായിക്കുന്നുണ്ട്. ഡാഡിയും സഹോദരനും ഭർത്താവ് നവീനുമൊക്കെ ഡോക്ടർമാരാണ്. ഞാനും ഒരു ഡോക്ടറാകണമെന്നായിരുന്നു അവരുടെയെല്ലാം ആഗ്രഹം. എന്നാൽ പേരുപോലെ വ്യത്യസ്തമായി ചിന്തിച്ചതുകൊണ്ടാകാം ഞാൻ ആവഴിക്കു പോകാതെ പാട്ടിന്റെ ലോകത്തെത്തി. കുട്ടിക്കാലത്ത് കർണാടക സംഗീതം കുറച്ചു പഠിച്ച ഞാൻ, കല്യാണത്തിന്‌ ശേഷം ഹിന്ദുസ്ഥാനി സംഗീതവും പഠിച്ചു. മക്കളായ അഞ്ചു വയസ്സുകാരൻ റയാനും രണ്ടര വയസ്സുകാരി ഐറയ്ക്കുമൊപ്പം ഇരിക്കുമ്പോഴും സംഗീതം തന്നെയാണ് എന്റെ പ്രിയപ്പെട്ട അനുഭവം.