ആലുവ : ആലുവ മണപ്പുറത്തിനു സമീപം യുവാവിനെ മർദിച്ച് സ്വർണമാലയും മൊബൈൽ ഫോണും ബൈക്കും മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിലായി. ചാലക്കുടി കൊന്നക്കുഴി കുന്നുമ്മേൽ വീട്ടിൽ ബാലു (22), കിടങ്ങയത്ത് വീട്ടിൽ ശരത് (20), മേലൂർ പ്ലാക്ക വീട്ടിൽ അഖിൽ (18), നാലുകെട്ട് പുത്തൻപുരയ്ക്കൽ അനീറ്റ് ജോയി (21) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.

കഥകളിയിലെ മദ്ദള കലാകാരനായ ജിതിൻ ചന്ദ്രൻ 18-ന് ആലുവ ബസ് സ്റ്റാൻഡ് പരിസരത്ത് ബൈക്ക് വെച്ച് ചെർപ്പുളശേരിയിൽ കഥകളിക്കു പോയി. തിരിച്ചുവന്നപ്പോൾ അങ്കമാലിയിലാണ് ബസിറങ്ങിയത്.

സ്റ്റാൻഡിൽ വെച്ച് പരിചയപ്പെട്ട നാലംഗ സംഘവുമൊത്താണ് ആലുവയിലേക്ക് എത്തിയത്. ഇവർ ജിതിനെ മണപ്പുറത്തെത്തിച്ച് മർദിക്കുകയും മാലയും മൊബൈലും സ്റ്റാൻഡിന്റെ പരിസരത്തിരുന്ന ബൈക്കുമായി കടന്നുകളഞ്ഞു.

അവശനായ ജിതിൻ റോഡിലെത്തി പോലീസിനെ അറിയിച്ചു.

റൂറൽ എസ്.പി. കെ. കാർത്തികിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്. പ്രതികൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.

ബാലുവാണ് സംഘത്തലവനെന്ന് പോലീസ് പറഞ്ഞു. ഇയാൾ സ്വന്തം അച്ഛനെ കൊലപ്പെടുത്തിയ കേസ് ഉൾപ്പെടെ എട്ട് കേസുകളിൽ പ്രതിയാണ്. ഇവർ മോഷ്ടിച്ച ബൈക്ക് കളമശ്ശേരിയിലാണ് ഉപേക്ഷിച്ചത്.

ഇത് പോലീസ് കണ്ടെടുത്തു. രണ്ടര പവന്റെ മാല എൺപതിനായിരം രൂപയ്ക്ക് തൃശ്ശൂരിൽ വിറ്റെന്ന് പ്രതികൾ പറഞ്ഞതായി പോലീസ് അറിയിച്ചു.

ഇൻസ്‌പെക്ടർ സി.എൽ. സുധീർ, എസ്.ഐ. മാരായ ആർ. വിനോദ്, ജോയി മത്തായി, പി.കെ. ശിവാസ്, എ.എസ്.ഐ. സോജി, സി.പി.ഒ. മാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, ഹാരിസ്, കെ.ബി. സജീവ് എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.