പെരുമ്പാവൂർ : പട്ടണത്തിലെ മാലിന്യനീക്കം വീണ്ടും സ്തംഭിച്ചു. റോഡരികിലും വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിലും മാലിന്യം കുമിഞ്ഞുകൂടി വഴിനടക്കാൻ കഴിയാത്ത സ്ഥിതിയായി. ഒരാഴ്ചയായി റോഡിലെ മാലിന്യം നീക്കം ചെയ്തിട്ടില്ല. മാലിന്യം സംസ്കരിക്കുന്നതിനോ നിക്ഷേപിക്കുന്നതിനോ സൗകര്യമില്ലാത്തതാണ് കാരണമായി പറയുന്നത്.

മാലിന്യം നീക്കംചെയ്തിരുന്ന നഗരസഭയുടെ ലോറികൾ തകരാറിലാണെന്നും പറയുന്നു. മഴ പെയ്യുന്നതിനാൽ ജൈവമാലിന്യങ്ങൾ ചീഞ്ഞ് ദുർഗന്ധവുമുണ്ട്.

ബസ്‌ സ്റ്റാൻഡിൽ പുതിയ ഷോപ്പിങ് മാളിനു പിന്നിൽ കൂടിക്കിടക്കുന്ന അഴുകിയ മാലിന്യത്തിൽ ആഫ്രിക്കൻ ഒച്ചുകൾ പെരുകി. വ്യാപാര സമുച്ചയത്തിന്റെ ചുമരുകളും ഒച്ചുകൾ െെകയേറുന്നു. നഗരത്തിൽ നിന്ന്‌ ദിവസം രണ്ട്‌ ടണ്ണോളം മാലിന്യമാണ് സാധാരണഗതിയിൽ നീക്കം ചെയ്യേണ്ടിവരുന്നത്. നഗരസഭയുടെ തന്നെ പല സ്ഥലങ്ങളിലായി ഇത് തള്ളുകയാണ് പതിവ്.

ഖരമാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള പ്ലാന്റുകൾ പണി കഴിപ്പിച്ചതല്ലാതെ പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. പഴയ പച്ചക്കറി മാർക്കറ്റിലും ബസ് സ്റ്റാൻഡിലും നിർമിച്ച ഖരമാലിന്യ സംസ്കരണ പ്ലാന്റുകൾ പ്രവർത്തനരഹിതമാണ്.

പെരുമ്പാവൂർ പട്ടണത്തിന്റെ എക്കാലത്തേയും തലവേദനയാണ് മാലിന്യ സംസ്കരണം.

ഇടത്-വലത് കൗൺസിലുകൾ മാറി വരുന്നുണ്ടെങ്കിലും വലിയ പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളുമല്ലാതെ കാര്യക്ഷമമായ പദ്ധതിയുണ്ടാകുന്നില്ല.