തൃപ്പൂണിത്തുറ : മെട്രോ റെയിലിനോടൊപ്പം തൃപ്പൂണിത്തുറ എസ്.എൻ. ജങ്ഷൻ മുതൽ കിഴക്കേക്കോട്ട- ഹിൽപ്പാലസ് റോഡുവരെ നാലുവരിപ്പാത നിർമിക്കുക, പരിസരവാസികളുടെ യാത്രാസൗകര്യം ഉറപ്പുവരുത്തുക, സാമൂഹികാഘാതപഠന റിപ്പോർട്ട് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ‘ട്രൂറ’ യുടെ നേതൃത്വത്തിൽ രൂപവത്‌കരിച്ചിട്ടുള്ള മെട്രോ റെയിൽ റോഡ് ആക്‌ഷൻ കമ്മിറ്റി സമരം ആരംഭിക്കുന്നു.

തുടക്കത്തിൽ നവംബർ ഒന്നിന് സായാഹ്ന പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കും.

ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്യും. ആലുവ മുതൽ എസ്.എൻ. ജങ്ഷൻ വരെ മെട്രോ റെയിലിനോടൊപ്പം റോഡ് സൗകര്യവും ഉറപ്പുവരുത്തിയാണ് മെട്രോ റെയിൽ നിർമിച്ചിട്ടുള്ളത്. കൂടാതെ, ആലുവ മുതൽ പേട്ട വരെ ഒട്ടനവധി അനുബന്ധ ജോലികളും മെട്രോ ഏറ്റെടുത്തിരുന്നു. പേട്ടപ്പാലവും ചമ്പക്കരപ്പാലവും എല്ലാം ഇതിന്‌ ഉദാഹരണങ്ങളാണ്.

എന്നാൽ, എസ്.എൻ. ജങ്ഷൻ മുതൽ റെയിൽവേ സ്റ്റേഷൻ വരെ റോഡ് സൗകര്യം ഒരുക്കാതെയാണ് മെട്രോ റെയിൽ നിർമിക്കാൻ പോകുന്നത്.

കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ (കെ.എം.ആർ.എൽ.) ലക്ഷങ്ങൾ മുടക്കി രാജഗിരി ഔട്ട്റീച്ചിനെക്കൊണ്ട് നടത്തിച്ച സാമൂഹികാഘാത പഠന റിപ്പോർട്ടിൽ പറയുന്നത്, മെട്രോ റെയിൽ സ്റ്റേഷനോടനുബന്ധിച്ച് ഒരു കിലോമീറ്റർ ചുറ്റളവിൽ റോഡുകൾ നിർമിക്കണമെന്നും നിലവിലുള്ളവയ്ക്ക് നടപ്പാതകൾ അടക്കം ഒരുക്കണമെന്നുമാണ്.

നിലവിൽ മെട്രോ റെയിൽ ടെർമിനൽ സ്റ്റേഷനിലേക്ക് എത്തണമെങ്കിൽ വീതികുറഞ്ഞതും നടപ്പാതകളില്ലാത്തതുമായ വളരെ ഇടുങ്ങിയ റെയിൽവേ സ്റ്റേഷൻ റോഡ് മാത്രമാണ് ആശ്രയം.

റെയിൽവേ സ്റ്റേഷൻ റോഡിലേക്കുള്ള മാർക്കറ്റ്, പോസ്റ്റോഫീസ് - പള്ളിപ്പറമ്പുകാവ്‌ റോഡുകളും വളരെ ഇടുങ്ങിയതും നടപ്പാതകൾ ഇല്ലാത്തതുമാണ്‌. ചുരുക്കത്തിൽ മെട്രോ റെയിൽ തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനു സമീപം യാഥാർത്ഥ്യമാകുമ്പോൾ പരിസരവാസികൾക്ക് പുറത്തിറങ്ങാൻ കഴിയാത്തരീതിയിൽ വാഹനത്തിരക്കായിരിക്കും. ഇത് അംഗീകരിക്കാനാവില്ല.

ഭരണസിരാകേന്ദ്രവും ഐ.ടി. ഹബ്ബുമായ തൃക്കാക്കര, വ്യവസായകേന്ദ്രമായ അമ്പലമുകൾ, ജില്ലയുടെ കിഴക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽനിന്ന്‌ വരുന്ന യാത്രക്കാർക്കും നിലവിലുള്ള സാഹചര്യത്തിൽ മെട്രോ സ്റ്റേഷനിലേക്ക് എത്താൻ കഴിയില്ല. ഇതിനു പരിഹാരം മെട്രോയോടൊപ്പം എസ്.എൻ. ജങ്ഷൻ മുതൽ ടെർമിനൽ സ്റ്റേഷൻ വരെയും അവിടെനിന്ന് ഏകദേശം മുന്നൂറ് മീറ്റർ കൂടി നീട്ടി ഹിൽപ്പാലസ് റോഡുവരെയും റോഡ് സൗകര്യം ഒരുക്കുക എന്നതാണ്.

ട്രൂറ സമർപ്പിച്ച പദ്ധതികൾ സംബന്ധിച്ച് അനുകൂല തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് മെട്രോ റെയിൽ സ്റ്റേഷനോട് ഏറ്റവും അടുത്തുള്ള കുടുംബാംഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന റസിസന്റ്‌സ് അസോസിയേഷനുകളെ സംഘടിപ്പിച്ച് പ്രക്ഷോഭത്തിലേക്കിറങ്ങുന്നതെന്ന് ചെയർമാൻ വി.പി. പ്രസാദ്, കൺവീനർ വി.സി. ജയേന്ദ്രൻ എന്നിവർ പറഞ്ഞു.