കൂത്താട്ടുകുളം : മാറിക സെയ്ന്റ് തോമസ് പള്ളിയുടെ കീഴിലുള്ള ഇല്ലിക്കുന്ന് ചാപ്പലിൽ യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ സംഘർഷം. പരിക്കേറ്റ യാക്കോബായ വിഭാഗത്തിലെ ഫാ. പ്രിൻസ് മരുതനാട്ട് (45), ട്രസ്റ്റി ബോബി സ്കറിയ പടിഞ്ഞാറെ കുന്നപ്പിള്ളിൽ (51) എന്നിവരെ കൂത്താട്ടുകുളം സർക്കാർ ആശുപത്രിയിലും ഓർത്തഡോക്സ് വിഭാഗത്തിലെ ഫാ. ബോബി വർഗീസിനെ (46) കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

യാക്കോബായ വിഭാഗമാണ് ചാപ്പലിന്റെ താക്കോൽ സൂക്ഷിക്കുന്നത്. ഞായറാഴ്ച ഉച്ചയോടെ എതിർ വിഭാഗമെത്തി പള്ളി തുറക്കാൻ ശ്രമിക്കുന്നുവെന്നറിഞ്ഞ്‌ ചാപ്പലിലെത്തിയ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് ഫാ. പ്രിൻസ് മരുതനാട്ട് പറഞ്ഞു. എന്നാൽ, ചാപ്പലിലെ സാധനങ്ങൾ മോഷ്ടിക്കപ്പെട്ട വിവരം അറിഞ്ഞ് അന്വേഷിക്കാനെത്തിയ തങ്ങളെ മറുവിഭാഗം ആക്രമിക്കുകയായിരുന്നുവെന്ന് ഓർത്തഡോക്സ് വിഭാഗത്തിലെ ഫാ. ബോബി വർഗീസ് പറഞ്ഞു. കൂത്താട്ടുകുളം പോലീസ് എത്തിയാണ് സംഘർഷം നിയന്ത്രിച്ചത്. ഇരു വിഭാഗങ്ങൾക്കെതിരേയും കേസെടുത്തിട്ടുണ്ട്.

സംഭവത്തെ കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാർ ഈവാനിയോസ് അപലപിച്ചു. കടയ്ക്കനാട് അരമനയിൽ പ്രതിഷേധ യോഗം ചേർന്നു.