ആലുവ : നിയമ വിദ്യാർഥിനി മൊഫിയയുടെ മരണവുമായി ബന്ധപ്പെട്ട് സി.ഐ.യ്‌ക്കെതിരേ നടപടി ആവശ്യപ്പെട്ട് വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. മണിക്കൂറുകൾ ഇടവിട്ട് പ്രതിഷേധ മാർച്ചുകൾ എത്തിയതോടെ ആലുവ നഗരം സ്തംഭിച്ചു.

ബുധനാഴ്ച പകൽ മുഴുവനും സബ് ജയിൽ റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. ആലുവ സീനത്ത് ജങ്ഷനും റൂറൽ എസ്.പി. ഓഫീസിനും ഇടയിലുള്ള ഭാഗത്തെ ഗതാഗതം പോലീസ് ബാരിക്കേഡ് കൊണ്ട് തടഞ്ഞിരുന്നു. ഇതിനിടയിലാണ് ആലുവ പോലീസ് സ്‌റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ബി.ജെ.പി.യുടെയും മഹിളാ മോർച്ചയുടെയും നേതൃത്വത്തിൽ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് ഡോ. രജന ഹരീഷ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ അധ്യക്ഷനായി. എ.ഐ.വൈ.എഫ്. നടത്തിയ മാർച്ച് സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ. അരുൺ ഉദ്ഘാടനം ചെയ്തു.

ആലുവ മണ്ഡലം പ്രസിഡന്റ് ജെ.പി. അനൂപ് അധ്യക്ഷനായി. മുസ് ലിം യൂത്ത് ലീഗ് നടത്തിയ മാർച്ച് മുസ് ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഹംസ പാറക്കാട്ട് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് സജീർ അറയ്ക്കൽ അധ്യക്ഷനായി.