പറവൂർ : താലൂക്ക് ഗവ. ആശുപത്രിയുടെ ശോച്യാവസ്ഥയ്ക്ക് പരിഹാരം ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. മുനിസിപ്പൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. ബ്ലോക്ക് സെക്രട്ടറി എസ്. സന്ദീപ് ഉ്ദഘാടനം ചെയ്തു. താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ആളുകൾ ചികിത്സയ്ക്കെത്തുന്ന ഇവിടെ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തത് രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ജില്ലാ ആശുപത്രിയായി ഉയർത്താൻ ഇടപെടാത്ത സ്ഥലം എം.എൽ.എ.യും ശോച്യാവസ്ഥ പരിഹരിക്കാൻ നഗരസഭയും തുടരുന്ന അനാസ്ഥ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് നേതാക്കൾ പറഞ്ഞു. കൗൺസിലർമാരായ കെ.ജെ. ഷൈൻ, എം.കെ. ബാനർജി, ഡി.വൈ.എഫ്.ഐ. ഭാരവാഹികളായ നിവേദ് മധു, സി.ബി. ആദർശ്, കെ.വി. വിനിൽ എന്നിവർ സംസാരിച്ചു.