കീരംപാറ : പാറമടകളിൽ നിന്നുള്ള ടിപ്പറുകളുടെ ഓട്ടപ്പാച്ചിൽ അപകടഭീഷണിയാവുന്നതായി പരാതി. കോതമംഗലം-പുന്നേക്കാട് റോഡിലാണ് ഗതാഗതത്തിനും ജനത്തിനും ഭീഷണിയായി ടിപ്പറുകളുടെ മരണപ്പാച്ചിൽ. സ്കൂൾസമയത്ത് അമിതലോഡുമായി അതിവേഗത്തിൽ ഓടുന്ന ലോറികൾ ചെറുവാഹനങ്ങൾക്ക് ഭീക്ഷണിയായിരിക്കുകയാണ്.

പറാട്, പെരുമണ്ണൂർ ഭാഗത്തുനിന്ന്‌ വരുന്ന ലോറികളാണ് ഭീഷണി സൃഷ്ടിക്കുന്നത്. യാതൊരു നിയന്ത്രണവുമില്ലാതെ കരിങ്കല്ലുമായി വരുന്ന കൂറ്റൻ ടോറസ് ലോറികൾ ഇടവേളകളില്ലാതെ ഗതാഗതക്കുരുക്കും സൃഷ്ടിച്ചാണ് ഓട്ടം.

കുട്ടികൾ സ്കൂളിൽ പോയി തിരിച്ചുവരുന്നതുവരെ രക്ഷിതാക്കൾ ആശങ്കയിലാണ്. ദിവസവും നൂറുകണക്കിന്, അമിതലോഡുമായിപ്പോകുന്ന ലോറികൾ സഞ്ചരിച്ച് റോഡുകൾ പലതും തകർച്ചനേരിടുകയാണ്. കീരംപാറ കവലയിൽനിന്ന് തട്ടേക്കാട് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഭാരവണ്ടികൾ കയറി റോഡ് ഇടിഞ്ഞുതാഴ്ന്നിരിക്കുകയാണ്.

അതുപോലെ കാലപ്പഴക്കംചെന്ന ചെറുപാലങ്ങളും കലുങ്കുകളും ഭീഷണിയിലാണ്. തകർന്ന റോഡിലൂടെ സൈക്കിൾ ഉൾപ്പെടെയുള്ള ഇരുചക്രവാഹനങ്ങളിലെ യാത്രയും കാൽനടയും ബുദ്ധിമുട്ടായി. പഞ്ചായത്തിലും പോലീസിലും പരാതിപ്പെട്ടിട്ടും അധികൃതർ തിരിഞ്ഞുനോക്കിയില്ല.

സ്‌കൂൾ ബസുകൾക്ക് ഭീഷണിയായതോടെ നാട്ടുകാർ പ്രതിഷേധവുമായി എത്തി ബുധനാഴ്ച ഊഞ്ഞാപ്പാറ കവലയിൽ ടോറസുകൾ തടഞ്ഞു. ഗതാഗതവകുപ്പും പോലീസും പഞ്ചായത്തും അടിയന്തിരമായി ഇടപെട്ട് പരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം നടത്തുമെന്ന് കീരംപാറ ജനകീയ വേദി മുന്നറിയിപ്പു നൽകി.