: കാടിന്റെ മനോഹാരിതയ്ക്ക്‌ നടുവിലാണ് മാമലക്കണ്ടം സ്കൂൾ സ്ഥിതിചെയ്യുന്നത്. സ്കൂളിനു മുന്നിൽ നിന്നാൽ തെളിഞ്ഞ ഫ്രെയിമുകളെല്ലാം മനോഹരം. പുറമേ മനോഹരമെങ്കിലും തീരാത്ത പ്രശ്നങ്ങൾക്കു നടുവിലാണ് ഇവിടെ പഠിക്കുന്ന കുഞ്ഞുങ്ങൾ. പ്രശ്ന പരിഹാരത്തിനു ശ്രമിക്കുന്ന അധ്യാപകരുടെ സ്ഥലംമാറ്റം മുതൽ സർവീസ് നിലച്ച ബസ്‌ വരെയായി ഒട്ടേറെ പ്രശ്നങ്ങളാണ് ഗോത്ര വർഗക്കാരായ കുട്ടികൾ നേരിടുന്നത്.

തദ്ദേശീയരായ അധ്യാപകർ വരണം

ഗോത്രവർഗക്കാരായ കുഞ്ഞുങ്ങൾക്കായി അധ്യാപകർ പലവിധ പദ്ധതികളും ആവിഷ്കരിക്കാറുണ്ടെങ്കിലും അതിന്റെയൊക്കെ തുടർച്ച വലിയൊരു പ്രശ്നമാണെന്ന് മാമലക്കണ്ടം സ്‌കൂളിലെ പ്രധാനാധ്യാപകൻ കെ. അബ്ദുൽ റഷീദ് പറയുന്നു. ‘അധ്യാപകരെല്ലാം തദ്ദേശീയരല്ല. പ്രധാനാധ്യാപകനായ ഞാൻ വയനാട്ടിൽനിന്നാണ് വരുന്നത്. ഇവിടത്തെ ഒരു അധ്യാപികയായ റിനി തിരുവനന്തപുരം സ്വദേശിയാണ്. ജില്ലയിൽനിന്നുള്ള അധ്യാപകർ തന്നെ മണിക്കൂറുകൾ യാത്ര ചെയ്ത്‌ എത്തേണ്ടത്ര ദൂരത്തുള്ളവരാണ്.

ഗോത്രവർഗക്കാരായ കുട്ടികൾ പഠിക്കുന്ന മറ്റ്‌ സ്‌കൂളുകളിലെ അധ്യാപകരുടെ സ്ഥിതിയും ഇങ്ങനെ തന്നെയാണ്. ഇവിടങ്ങളിൽ എത്തിപ്പെട്ടാൽ എത്രയും പെട്ടെന്നു സ്ഥലംമാറ്റം വാങ്ങി പോകാനാകും എല്ലാ അധ്യാപകരും ശ്രമിക്കുന്നത്. അവരെ ഒരിക്കലും അതിനു കുറ്റം പറയാനും സാധിക്കില്ല. ഒരു അധ്യാപകൻ തുടങ്ങിവെക്കുന്ന പദ്ധതി അയാളുടെ സ്ഥലംമാറ്റത്തോടെ നിലയ്ക്കുന്നതാണ് പതിവ്. തദ്ദേശീയരായ അധ്യാപകരെ ഇവിടത്തെ സ്‌കൂളുകളിൽ നിയമിച്ചാലേ ഈ പ്രശ്നത്തിനു പരിഹാരമുണ്ടാകുകയുള്ളൂ’- കെ. അബ്ദുൽ റഷീദ് പറയുന്നു

നിർത്തിയ ബസും പ്ലസ് ടുവും

അഞ്ചുകുടിയിൽനിന്നു വരുന്ന അഭിലാഷും മാമലക്കണ്ടത്തെ ശരത്തും തയ്യലിപ്പാറയിലെ അഭിനന്ദുമൊക്കെ പത്താം ക്ലാസിലാണ് പഠിക്കുന്നത്. ഇവിടെ പ്ലസ് ടു ഇല്ലാത്തതിനാൽ ഈ കുഞ്ഞുങ്ങളൊക്കെ ഉപരിപഠനത്തിനു പോകാനുള്ള സാധ്യത വളരെ കുറവാണെന്നാണ് അബ്ദുൽ റഷീദ് പറയുന്നത്. “കാടിനു നടുവിലൂടെയുള്ള ഒരു ബസിലാണ് ഈ പ്രദേശത്തുള്ളവർ പുറംലോകത്തെത്തിയിരുന്നത്. അതു സർവീസ് നിർത്തിവെച്ചതോടെ ഞങ്ങൾ അധ്യാപകരടക്കം വലിയ പ്രതിസന്ധിയിലാണ്. ആറാംമൈലിൽ ഇറങ്ങി അവിടെ നിന്ന്‌ 200 രൂപ ഓട്ടോക്കൂലി കൊടുത്താണ് ഞങ്ങൾ ഇപ്പോൾ മാമലക്കണ്ടത്തേക്കു വരുന്നത്. തിരിച്ചുപോകാനുള്ള കൂലി കൂടിയാകുമ്പോൾ പ്രതിദിനം 400 രൂപ വേണം.

പത്താം ക്ലാസിൽ പഠിക്കുന്ന കുഞ്ഞുങ്ങൾ ജയിച്ചാലും ഇവിടെ പ്ലസ് ടു ഇല്ലാത്തതിനാൽ ദൂരെ സ്ഥലത്തു പോയി പഠിക്കേണ്ടി വരും. സൗജന്യമായിട്ടു പഠിപ്പിക്കുന്ന കാര്യത്തിൽ പോലും പല മാതാപിതാക്കളും തികഞ്ഞ നിസ്സംഗത പുലർത്തുമ്പോൾ കാശു കൊടുത്തു പോയി പഠിക്കുന്ന കാര്യം ചിന്തിക്കുക പോലും വേണ്ട. അതോടെ ഈ കുഞ്ഞുങ്ങളുടെ ഉപരിപഠനം അവസാനിക്കുകയാകും ഫലം”. അബ്ദുൾ റഷീദ് പറഞ്ഞതിൽ ഗോത്രവർഗക്കാരായ കുഞ്ഞുങ്ങളുടെ ഭാവി വ്യക്തമായിരുന്നു.

ഇംഗ്ലീഷും പി.ടി.എ. യോഗവും

അഞ്ചുമുതൽ പത്തുവരെ ക്ലാസുകളിലായി 88 കുട്ടികളാണ് സ്‌കൂളിൽ പഠിക്കുന്നത്. ഇതിൽ പകുതിയോളം പേരും ഗോത്രവർഗക്കാരായ കുട്ടികളാണ്. കുട്ടികളുടെ പഠന നിലവാരവും മറ്റും സംസാരിക്കാൻ വിളിച്ചു ചേർക്കുന്ന പി.ടി.എ. യോഗത്തിൽ വിരലിലെണ്ണാവുന്ന മാതാപിതാക്കൾ മാത്രമാണ് വന്നിരുന്നത്. മാതാപിതാക്കൾക്കു പോലും താത്പര്യമില്ലാത്ത ഈ കുഞ്ഞുങ്ങളെ പഠനത്തിൽ മുന്നോട്ടു കൊണ്ടുപോകാൻ വലിയ ശ്രമങ്ങൾ തന്നെ ഉണ്ടാകേണ്ടിയിരിക്കുന്നുവെന്നാണ് അധ്യാപകർ ചൂണ്ടിക്കാട്ടുന്നത്. കുട്ടികളുടെ പഠന കാര്യങ്ങൾ പറയാൻ പി.ടി.എ. യോഗം വിളിച്ചാൽ വരുന്നവരുടെ എണ്ണം കണ്ടാൽ സങ്കടം തോന്നും. നിരന്തരമായ ബോധവത്കരണത്തിലൂടെ ഇപ്പോൾ കുറച്ചൊക്കെ മാറ്റം വന്നിട്ടുണ്ടെങ്കിലും ഇനിയും ഒരുപാട് മുന്നോട്ടുപോകാനുണ്ട്. ഇംഗ്ലീഷ് ഭാഷയാണ് ഈ കുഞ്ഞുങ്ങൾ നേരിടുന്ന മറ്റൊരു വലിയ പ്രശ്നം.

അവരുടെ ഭാഷാപേടി മാറ്റാൻ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് ഉൾപ്പെടെയുള്ള പദ്ധതികളൊക്കെ ആവിഷ്കരിച്ചിട്ടുണ്ട്. പക്ഷേ, അതൊക്കെ എത്രത്തോളം സാധ്യമാകുമെന്ന സംശയം ഇപ്പോഴും ബാക്കിയുണ്ട്” - അധ്യാപിക പി.എം. റഫീന പറഞ്ഞു. ഗോത്രവർഗക്കാരായ കുട്ടികളുടെ പഠന നിലവാരവും സാമൂഹിക അന്തരീക്ഷവും ഉയർത്താൻ വലിയ പദ്ധതികൾ മാത്രം പോരാ. അതു നടപ്പാക്കാനുള്ള കൃത്യമായ ആസൂത്രണവും അധികാരികളുടെ പിന്തുണയും വേണം.

(അതേപ്പറ്റി നാളെ)