: ദാ, ഈ കാണുന്ന പാടമാ ഞങ്ങടെ ജീവൻ. ഞങ്ങടെ ജീവിതവും കൃഷിയിൽനിന്നു കിട്ടുന്ന വരുമാനത്തെ ചുറ്റിയാണ്. കൃഷി ഇല്ലെങ്കിൽ ഞങ്ങൾ കരുമാലൂരുകാരില്ല. ഇതൊക്കെ ഇങ്ങനെ ആര് നിലനിർത്തുമോ അവർക്കേ വോട്ടു കുത്തൂ. പ്രളയം വന്ന് ഒക്കെ മുങ്ങിപ്പോയതാ. വെള്ളം കയറി നശിച്ചു കിടന്ന പാടത്തുനിന്ന് എല്ലാം ഒന്നേന്ന് തുടങ്ങിവരുവാണ്. മാറി വരുന്ന മെമ്പർമാരും പ്രസിഡന്റുമാരുമൊക്കെ കൃഷിക്ക് ഗുണം വരുന്ന രീതിയിലേ പെരുമാറിയിട്ടുള്ളു. എല്ലാരും കൃഷി നിലനിർത്താൻ സഹായിക്കുന്നവർ തന്നെയാണ്. കൃഷിയുടെ കാര്യത്തിൽ കരുമാലൂരിൽ എല്ലാവർക്കും ഒരു രാഷ്ട്രീയമാണ്. അവരൊക്കെ പാർട്ടിക്കാർ മാത്രമല്ല ഞങ്ങൾക്കിടയിൽനിന്നു വന്നവർ തന്നെയാണ്. പ്രളയ സമയത്തും കോവിഡ് വന്നപ്പോഴുമൊക്കെ ഞങ്ങളെ സഹായിക്കാൻ ഇവരൊക്കെയേ ഉണ്ടായിരുന്നുള്ളു. മ ത്സരിക്കുന്നതൊക്കെ പരിചയക്കാർ തന്നെയാണ്. കൃഷിയെയും കരുമാലൂരിനെയും അറിയാവുന്നവർ. അതുകൊണ്ടുതന്നെ ആർക്ക് വോട്ട് കൊടുക്കണമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. കരുമാലൂർ പാടശേഖര സമിതിക്കു കീഴിൽ ഏക്കർ കണക്കിന് കൃഷിയുണ്ട്. പാടം നികത്തിയുള്ള ഒരു വികസനവും ഇവിടെ സമ്മതിക്കില്ല. അതിന് കൂട്ടുനിൽക്കുന്ന ഒരാൾക്കും വോട്ട് ചെയ്യില്ല. കൊയ്ത്തു സമയത്ത് സഹായത്തിന് അസമിലെ പണിക്കാരാണ് സാധാരണ ഉണ്ടാവുന്നത്. ഇത്തവണ എല്ലാരും നാട്ടിൽ പോയി. കൊയ്യാൻ ആളെ കിട്ടണം. വെള്ളം വേണം, കൃഷിക്കാർക്കുള്ള ആനുകൂല്യങ്ങളൊക്കെ കിട്ടണം. ഇതൊക്കെയാണ് ആവശ്യങ്ങൾ. കൊയ്ത്തുത്സവത്തിന് എല്ലാ പാർട്ടിക്കാരും എത്താറുണ്ട്. ഞങ്ങടെ വലിയ ആഘോഷം അതൊക്കെയാണ്. ആര് ഭരിച്ചാലും ഈ കാണുന്ന പച്ചപ്പൊക്കെ ഇങ്ങനെ തന്നെ നിൽക്കണം. കൃഷിക്കാർക്കൊപ്പെം നിൽക്കുന്നവർക്കേ ഇവിടെ വോട്ടുള്ളൂ...