കൊച്ചി: ജനാധിപത്യത്തിന്റെ ബാലറ്റ് യുദ്ധത്തിനൊടുവിൽ വിജയത്തിന്റെ വലിയ റാണിയാകാനുള്ള പോരാട്ടത്തിലാണ് കൊച്ചുറാണി. സംവരണത്തിന്റെ ആനുകൂല്യമില്ലാതെ കൊച്ചുറാണി യുദ്ധത്തിനെത്തിയ പൊതുകളത്തിൽ ഒരു തരി പോലും വിട്ടുകൊടുക്കാെത വിജയത്തിന്റെ രാജാക്കൻമാരാകാനാണ് അവർ ആറ് പുരുഷ കേസരികളുടെയും പടപ്പുറപ്പാട്. ഒപ്പത്തിനൊപ്പം ഇവർ നിൽക്കുമ്പോൾ തിരുവാണിയൂർ പഞ്ചായത്തിലെ സ്ഥാനാർത്ഥിമുക്ക് എന്നറിയപ്പെടുന്ന പഴുക്കാമറ്റം വാർഡിലെ പോരാട്ടം ആവേശംകൊണ്ടും കൗതുകം കൊണ്ടും ശ്രദ്ധേയമാകുകയാണ്.
ഒരു പെണ്ണും ആറാണും
ഇടതുമുന്നണിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് കൊച്ചുറാണി പ്രിൻസ് പഴുക്കാമറ്റത്ത് വീണ്ടും ജനവിധി തേടുന്നത്. സ്ത്രീ സംവരണ വാർഡായ ഇവിടെ നിന്നു കഴിഞ്ഞ തവണ ജയിച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റായ കൊച്ചുറാണി ഇത്തവണ ജനറൽ വാർഡായപ്പോഴും കളം മാറാതെ പോരാട്ടത്തിനിറങ്ങി. ജനപ്രിയനെന്ന മേൽവിലാസത്തിലെത്തുന്ന എൻ.ടി. സുരേഷാണ് ഇവിടെ യു.ഡി.എഫ്. സ്ഥാനാർത്ഥി. ബി.ജെ.പി.യുടെ പി.വി. മാത്യു പറമ്പത്തിനൊപ്പം സ്വതന്ത്ര സ്ഥാനാർത്ഥികളായ സി.എം. അവറാച്ചനും ടി.എം. തങ്കച്ചനും കെ.കെ. ജോസും പി.വൈ. ജോളിയും കൂടിയാകുന്നതോടെ ഒരു പെണ്ണും ആറാണും എന്ന കണക്കിൽ സ്ഥാനാർത്ഥിമുക്കിലെ പോരാട്ടം ഒരു ’പടയോട്ടം’ തന്നെ. സംസ്ഥാനത്തുതന്നെ ഒരു വാർഡിൽ ഏറ്റവും കൂടുതൽ പേർ പോരാട്ട രംഗത്തുള്ള വാർഡുകളിലൊന്നാണ് പഴുക്കാമറ്റം. സ്ഥാനാർത്ഥികളുടെ എണ്ണക്കൂടുതൽ കൊണ്ടാണ് ഈ പ്രദേശത്തിന് സ്ഥാനാർത്ഥിമുക്ക് എന്ന പേരു വീണതെന്നും നാട്ടുകാർ പറയുന്നു.
യെെമനിലെ യുദ്ധഭൂമി
യെമെനിൽ നഴ്‌സായി ജോലി ചെയ്തിരുന്ന കൊച്ചുറാണി അവിടെ നേരിട്ടു കണ്ട യുദ്ധങ്ങളുടെ ഓർമകൾ മനസ്സിൽ മായാതെ കൊണ്ടുനടക്കുന്ന ഒരാളാണ്. ’’യെമെനിൽ നഴ്‌സായി ജോലി ചെയ്യുമ്പോൾ ഞങ്ങൾ താമസിച്ചിരുന്ന ഹോസ്റ്റലിലെ ആ നാളുകൾ ഒരിക്കലും മറക്കാൻ കഴിയില്ല. ഷെല്ലുകളും വെടിയുണ്ടകളുമൊക്കെ കൺമുന്നിൽ വന്നു വീഴുന്നത് ജീവിതത്തിലെ ആദ്യത്തെ അനുഭവമായിരുന്നു. എന്നാൽ യുദ്ധഭൂമിയിലെ ആ നാളുകൾ ജീവിതത്തിനു പകർന്ന കരുത്ത് ഒന്നു വേറെയായിരുന്നു. ഇപ്പോൾ ആറ് ആണുങ്ങൾ പോരാടുന്ന ജനറൽ വാർഡിൽ അവർക്കൊപ്പം മത്സരിക്കുമ്പോൾ എനിക്കു പേടിയൊന്നുമില്ല. ഞാൻ ഒരു പെണ്ണാണ് എന്നതു തന്നെയാണ് എന്റെ ഏറ്റവും വലിയ ആത്മവിശ്വാസം...’’ കൊച്ചുറാണി പറയുന്നു.
ജയിക്കാനായി അവർ
ആണായാലും പെണ്ണായാലും ജനവിധിയിൽ നിർണായകമാകുന്നത് അവരുടെ മികവു തന്നെയായിരിക്കുമെന്നാണ് പുരുഷ പോരാളികൾ പറയുന്നത്. കുടിവെള്ളവും റോഡും ഉൾപ്പെടെയുള്ള വികസനങ്ങൾ നടപ്പാക്കിയതിന് ജനം അംഗീകാരം നൽകുമെന്ന ഉറച്ച വിശ്വാസത്തിലാണ് മുൻ പഞ്ചായത്തംഗം കൂടിയായ സുരേഷ്. കേന്ദ്ര സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്കു ജനം നൽകുന്ന പിന്തുണ ഇക്കുറി പഴുക്കാമറ്റത്ത് ബി.ജെ.പി. സ്ഥാനാർത്ഥിയുടെ വിജയത്തിൽ കലാശിക്കുമെന്നാണ് മാത്യു പറമ്പത്ത് അവകാശപ്പെടുന്നത്. ഓട്ടോറിക്ഷ ചിഹ്നത്തിൽ മത്സരിക്കുന്ന തങ്കച്ചനും കാർ ചിഹ്നത്തിൽ മത്സരിക്കുന്ന അവറാച്ചനും ഇക്കുറി യു.ഡി.എഫും എൽ.ഡി.എഫും വീഴുമെന്ന വിശ്വാസക്കാരാണ്. ജനങ്ങൾക്കൊപ്പമുള്ള കാറും ഓട്ടോറിക്ഷയുമായെത്തുന്ന തങ്ങളെ ജനം വിജയപൂർവം സ്വീകരിക്കുമെന്നാണ് അവരുടെ പ്രതീക്ഷ. തിരുവാണിയൂർ കവലയിൽ ഒത്തുചേർന്ന് തിരഞ്ഞെടുപ്പ് വിശേഷങ്ങൾ പങ്കിട്ടു മടങ്ങുമ്പോൾ അവരെല്ലാം കൊച്ചുറാണിയോട് ഒരു കാര്യം പറയാൻ മറന്നില്ല... ’’പെങ്ങൾക്ക് എല്ലാ വിജയാശംസകളും നേരുന്നു. എന്നാൽ ജനാധിപത്യത്തിന്റെ പടയോട്ടത്തിൽ ഒപ്പത്തിനൊപ്പം ഞങ്ങളുമുണ്ട്‌ട്ടോ...’’